
ലണ്ടന്‍: യുകെ ബ്രാൻഡ് നത്തിംഗ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിലാണ് നത്തിംഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാം + 256 ജിബി, 16 ജിബി റാം + 512 ജിബി എന്നിവയാണ് വേരിയിന്‍റുകൾ. ആരംഭ വില 79,999 രൂപയാണ്. ഉയർന്ന വേരിയന്‍റിന് 89,999 രൂപയാകും. സ്‌നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് മറ്റ് ഫ്ലാഗ്‌ഷിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂനതയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സെല്‍ഫിയിലും ട്രിപ്പിള്‍ റീയര്‍ ക്യാമറയിലും ഉള്‍പ്പടെ 50 എംപി സെന്‍സറുകളാണ് നത്തിംഗ് ഫോണ്‍ 3-യുടെ പ്രധാന സവിശേഷത. 5,500 എംഎഎച്ച് ബാറ്ററിയാണ് നത്തിംഗ് ഫോണ്‍ 3-യ്ക്കുള്ളത്.
ഈ ചിപ്പ് ധാരാളമോ?
നത്തിംഗ് ഫോൺ 3-യിൽ 6.67 ഇഞ്ച് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഫോണിന്‍റെ ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് നൽകിയിട്ടുണ്ട്. 4,500 നിറ്റ്സ് വരെ പീക്ക് തെളിച്ചവും ഹെര്‍ട്സ് ഉയർന്ന റിഫ്രഷ് റേറ്റും ലഭിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറാണ് ഫോൺ 3-യിലുള്ളത്. മറ്റ് ഫ്ലാഗ്‌ഷിപ്പുകള്‍ എലൈറ്റ് ചിപ്പിനെ ആശ്രയിക്കുമ്പോഴാണ് നത്തിംഗ് ഈ ചിപ്പിലേക്ക് ചുരുങ്ങിയിരിക്കുന്നത്. 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഇതിൽ ലഭിക്കും. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. കമ്പനി അഞ്ച് വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
50 എംപി ട്രിപ്പിള്‍ റീയര്‍ ക്യാമറ, സെല്‍ഫി ക്യാമറ
ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്‍റെ പിൻഭാഗത്ത് 50 മെഗാപിക്‌സലിന്‍റെ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. 50 എംപി മെയിൻ ക്യാമറ, 50 എംപി പെരിസ്കോപ്പ്, 50 എംപി അൾട്രാവൈഡ് ക്യാമറ എന്നിവ ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 50 എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ടാകും. നത്തിംഗ് ഫോൺ 3 യിലൂടെ, കമ്പനി നത്തിംഗ് ഫോൺ 1-ലും ഫോൺ 2-ലും ഉണ്ടായിരുന്ന ഗ്ലിഫ് ഇന്‍റർഫേസ് ഒഴിവാക്കി. ഫോണിൽ ഇപ്പോൾ ഗ്ലിഫ് മാട്രിക്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വ്യക്തിഗതമായി നിയന്ത്രിക്കാവുന്ന 489 മൈക്രോ എൽഇഡികൾ അടങ്ങുന്ന ഒരു ചെറിയ വൃത്താകൃതിയിലുള്ള ഡിസ്പ്ലേയാണ്. ആനിമേഷനുകൾ, ചാർജിംഗ് സ്റ്റാറ്റസ്, അറിയിപ്പുകൾ, സമയം, മറ്റ് അലേർട്ടുകൾ എന്നിവ ലഭിക്കാൻ ഇത് ഉപയോഗിക്കാം.
5,500 എംഎഎച്ച് ബാറ്ററി, വയർഡ്, വയർലെസ് ചാര്‍ജിംഗ്
5,500 എംഎഎച്ച് ബാറ്ററിയാണ് നത്തിംഗ് ഫോണ്‍ 3-യില്‍ ലഭിക്കുന്നത്. ഇത് 65 വാട്സ് വയർഡ്, 15 വാട്സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കും. ഇത് 54 മിനിറ്റിനുള്ളിൽ ഒരു ശതമാനം മുതൽ 100 ശതമാനം വരെ ബാറ്ററി നിറയ്ക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നു. ഈ ഫോൺ 15 വാട്സ് വയർലെസ് ചാർജിംഗ്, 7.5 വാട്സ് റിവേഴ്സ് വയർഡ് ചാർജിംഗ് സപ്പോർട്ട്, 5 വാട്സ് റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും പിന്തുണയ്ക്കുന്നു. ഫോണിന് 160.60×75.59×8.99 എംഎം വലിപ്പവും 218 ഗ്രാം ഭാരവുമാണുള്ളത്. ഈ ഫോണിന് ഈടുനിൽപ്പിനായി ഐപി68, ഐപി69 റേറ്റിംഗുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ വെള്ളമോ പൊടിയോ കാരണം ഈ ഫോൺ കേടാകില്ല എന്നും കമ്പനി പറയുന്നു.
കണക്റ്റിവിറ്റി സൗകര്യങ്ങള്‍
നതിംഗ് ഫോൺ 3 512 ജിബി വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 5ജി, ബ്ലൂടൂത്ത് 6, എന്‍എഫ്‌സി, ജിപിഎസ്, എ-ജിപിഎസ്, ഗ്ലോനാസ്സ്, ഗലീലിയോ, QZSS, നാവിക്, 360-ഡിഗ്രി ആന്‍റിന, വൈ-ഫൈ 7 എന്നിവ സ്മാർട്ട്‌ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആംബിയന്‍റ് ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ, ഇലക്ട്രോണിക് കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഒതന്‍റിഫിക്കേഷനായി ഈ ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസർ ഉണ്ട്. രണ്ട് ഹൈ-ഡെഫനിഷൻ മൈക്രോഫോണുകളും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും നത്തിംഗ് ഫോണ്‍ 3 നല്‍കുന്നു.
നത്തിംഗ് ഫോണ്‍ 3 എവിടെ നിന്ന് വാങ്ങാം, പ്രീ-ഓര്‍ഡറിന് കിഴിവ്
കറുപ്പും വെളുപ്പും നിറങ്ങളിലാണ് നത്തിംഗ് ഫോൺ 3 അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 4 മുതൽ ഫ്ലിപ്‍കാർട്ടിൽ നിന്ന് ഈ ഫോൺ ഓർഡർ ചെയ്യാം. മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപയോക്താക്കൾക്ക് എച്ച്‍ഡിഎഫ്‍സി ബാങ്ക് കാർഡുകളിൽ 5,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും.