
കേട്ടയം: പക്ഷാഘാതത്തിന് ശസ്ത്രക്രിയ ആവശ്യമാണോ. കോട്ടയം മെഡിക്കല്‍ കോളേജ് ഇന്റർവെൻഷണല്‍ റേഡിയോളജി വിഭാഗത്തില്‍ എത്തുന്ന രോഗി വലഞ്ഞതുതന്നെ.
ചികിത്സയ്ക്കുവേണ്ട ഉപകരണങ്ങളെല്ലാം പുറത്തുനിന്ന് വാങ്ങിനല്‍കണം.
മൂന്നും നാലും ലക്ഷം രൂപ ചെലവുവരുന്ന ഉപകരണങ്ങള്‍ വാങ്ങി നല്‍കാനുള്ള കുറിപ്പടി രോഗിക്കൊപ്പമുള്ള ബന്ധുക്കള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ആഴ്ചയില്‍ മൂന്നുംനാലും രോഗികള്‍ക്ക് ഈ ദുരവസ്ഥ നേരിടേണ്ടിവരുന്നു. 40,000 രൂപ വിലയുള്ള കോയില്‍, 8000-9000 രൂപ വിലയുള്ള ഗൈഡ് വയർ, 1500-2000 രൂപ വരെ വരുന്ന ശസ്ത്രക്രിയാ ഡിഎസ്‌എ കിറ്റ് എന്നിവയാണ് പുറത്തുനിന്ന് വാങ്ങിക്കൊടുക്കേണ്ടത്.
രോഗിയുടെ തലച്ചോറിലെ തടസ്സത്തിന് ആനുപാതികമായി കോയിലിന്റെയും മറ്റ് ഉപകരണങ്ങളുടെയും എണ്ണം കൂടാം.
പലപ്പോഴും ശസ്ത്രക്രിയ ചെയ്യുന്പോഴാണ് അധികം സാമഗ്രികളുടെ ആവശ്യം അറിയുക. അതിനുള്ള കരുതല്‍ ഉണ്ടാകും.
28 കോടി രൂപയുടെ കുടിശ്ശികയാണ് ഉപകരണങ്ങള്‍ നല്‍കിയ കമ്പനികള്‍ക്ക് മെഡിക്കല്‍ കോളേജ് കൊടുക്കാനുള്ളത്. ഇവർ വിതരണം അവസാനിപ്പിച്ചതോടെയാണ് ഭാരം രോഗിക്കായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു യുവതിയുടെ ചികിത്സയ്ക്ക് ഉപകരണക്ഷാമം തടസ്സമായപ്പോള്‍ അടുത്തിടെ ജനകീയ ഇടപെടലുണ്ടായത് ശ്രദ്ധ നേടിയിരുന്നു. മറ്റക്കര മുളേക്കുന്നേല്‍ രമ്യ ഗോപനാ(38)ണ് തലച്ചോറിലെ രക്തസ്രാവം കാരണം മേയ് ഒൻപതിന് ചികിത്സ തേടിയത്. ശസ്ത്രക്രിയാസാമഗ്രികള്‍ക്ക് മൂന്ന് ലക്ഷം രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് ഭർത്താവ് ഗോപകുമാർ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം അടക്കം തകരാറിലായിരുന്നു. അഞ്ച് സെന്റ് ഭൂമിയും ചെറിയ വീടും മാത്രമുള്ള കൂലിപ്പണിക്കാരനായ തനിക്ക് ഇത്രയും പണം സ്വരൂപിക്കാൻ പ്രയാസമായിരുന്നുവെന്ന് ഗോപൻ പറഞ്ഞു. രണ്ട് കോയിലുകള്‍ അടക്കമുള്ള കുറിപ്പടിയാണ് ഇവർക്ക് കൊടുത്തത്.
സഹായത്തിനായി സബർമതി ഫൗണ്ടേഷൻ പ്രവർത്തകരെ സമീപിച്ചു. ജനശ്രീ ജില്ലാ മിഷൻ ചെയർമാൻ സാബു മാത്യു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ എന്നിവർ ഉപകരണം വിതരണംചെയ്യുന്ന ഏജൻസിയോട് സംസാരിച്ചു. രമ്യയുടെ സ്ഥിതി അറിഞ്ഞ് നാട്ടുകാർ സഹായം എത്തിച്ചു. ഒരുലക്ഷം രൂപയ്ക്ക് ഉപകരണം തരാൻ ഏജൻസി തയ്യാറായി.
13-ന് ശസ്ത്രക്രിയ നടത്തി. രോഗിയുടെ സ്ഥിതി മനസ്സിലാക്കി, ഏജൻസി പിന്നീട് 20,000 രൂപ മടക്കിക്കൊടുത്തു. ചികിത്സിച്ച ഡോക്ടർമാരാണ് ഇതിനായി ഇടപെട്ടത്.
സബർമതി ട്രസ്റ്റ് ചെയർമാൻ എം.എസ്. വിജയൻ, കമ്മിറ്റി അംഗങ്ങള്‍ ആയ പി. രവിന്ദ്രൻ നായർ, അനില്‍ മുളേക്കുന്നേല്‍, അകലക്കുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാർ എന്നിവരെല്ലാം രോഗിക്കായി ധനസമാഹരണത്തിന് ഇടപെട്ടു. ന്യൂറോസർജറി, യൂറോളജി, ജനറല്‍സർജറി വിഭാഗങ്ങളിലും 40 ശതമാനത്തോളം സാധനങ്ങള്‍ രോഗി വാങ്ങേണ്ടിവരുന്നു.