
മലപ്പുറം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം മാതൃകാപരം. ഇത്തരത്തില്‍ സ്ത്രീ സംവരണം നടപ്പാക്കിയാല്‍ മാത്രമേ നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് പ്രാമുഖ്യമുള്ള ഭരണ നേതൃത്വത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകുമായിരുന്ന പ്രഗല്‍മതികളായ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഭരണ നേതൃത്വത്തിലേക്ക് എത്തുന്നതിനും ഇത് ഏറെ സഹായിച്ചതായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു.
കൊണ്ടോട്ടി നഗരത്തില്‍ 1.37 കോടി രൂപ ചെലവില്‍ നവീകരിച്ച കൊണ്ടോട്ടി നഗരസഭ പി. സീതി ഹാജി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജനാധിപത്യത്തിലെ അഭിപ്രായ വ്യത്യാസം ഒരിക്കലും തര്‍ക്കങ്ങളിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് ഭരണകക്ഷിയാണെന്ന് സ്പീക്കര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.