നാടുവിട്ടത് മനസമാധാനം തേടി: ഗുരുവിനെ തേടി യാത്ര പോയി; എല്ലാം മേലുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്: കാണാതായ സെൻട്രൽ സിഐ നവാസിന്റെ വെളിപ്പെടുത്തൽ പുറത്ത്
തേർഡ് ഐ ബ്യൂറോ
കോട്ടയം: എസിപിയുമായി വഴക്കുണ്ടായി ഡ്യൂട്ടിയ്ക്കിടെ സ്ഥലം വിട്ടത് മനസമാധാനം തേടിയെന്ന് സെൻട്രൽ സിഐ വി.എസ് നവാസ്. തമിഴ്‌നാട്ടിൽ നിന്നും നാട്ടിലെത്തിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്യില്ലെന്ന് തീരുമാനിച്ചാണ് പോയത്. വിഷമമുണ്ടാകുമ്പോൾ നമ്മൽ സ്വയം കലഹിക്കും, അല്ലെങ്കിൽ മറ്റുള്ളവരോട് കലഹിക്കും. ഇതുമല്ലെങ്കിൽ ഒറ്റയ്ക്കിരിക്കും. ഞാൻ ഒറ്റയ്ക്കിരിക്കാനാണ് ശ്രമിച്ചത്. എന്റെ ഗുരുവിനെ തേടി തമിഴ്‌നാട്ടിലേയ്ക്ക് പോകുകയായിരുന്നു. എനിക്ക് ഒരു ഏകാന്തത ആവശ്യമുണ്ടെന്ന് തോന്നി. മനസിനെ തൃപ്തിപ്പെടുത്തുന്നതിനായാണ് യാത്ര പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സ്‌നേഹിക്കുന്ന ആളുകൾക്ക് കലഹിക്കാനും അവകാശമുണ്ട്. തനിക്കു കിട്ടിയതിനെക്കാൾ സ്‌നേഹം പ്രവർത്തിയിലൂടെ നൽകിയിട്ടേ പൊലീസിന്റെ പടിയിറങ്ങൂ എന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ എ.സിപിയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് നവാസിനെ വ്യഴാഴ്ച പുലർച്ചെ മുതൽ കാണാതായത്. വെള്ളിയാഴ്ച രാവിലെ തന്നെ നവാസിനെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു ശേഷം ഉന്നത ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് നവാസ് തനിക്കുണ്ടായ മാനസിക സമ്മർദത്തെപ്പറ്റി വ്യക്തമാക്കിയത്. എസിപിയ്‌ക്കെതിരെ നടപടികളുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായ മാനസിക സമ്മർദമാണ് ഇപ്പോൾ നവാസിന്റെ തീരോധാനത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.