ആദ്യം ചികിത്സ വേണ്ടത് ആശുപത്രിക്ക്; കോട്ടയം മെഡിക്കൽ കോളേജിലെ അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ മിക്കതും തകരാറിൽ;രോഗികൾ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ

Spread the love

കോട്ടയം: ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ കോട്ടയം മെഡിക്കല്‍ കോളജിലും രോഗികള്‍ക്കു ദുരിതമെന്ന് ആരോപണം. ഇവിടെ .ഡോ. ഹാരിസ് ഹസനെപ്പോലെ ഡോക്ടർമാർ ഇല്ലെന്ന് മാത്രം.
കോട്ടയം , ഇടുക്കി, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം തുടങ്ങി വിവിധ ജില്ലകളില്‍നിന്നായി ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ മിക്കതും തകരാറിലാണ്. വിവിധ ഡിപ്പാർട്ട്‌മെന്‍റുകളിലേക്കാവശ്യമായ മെഷീനുകള്‍ ലഭ്യമാക്കാത്തതും സാധാരണക്കാരായ രോഗികളെയും ഡോക്ടർമാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

കോടികള്‍ മുടക്കി പുതിയ സർജറി ബ്ലോക്ക്, കാർഡിയോളജി-കാർഡിയോ തൊറാസിക് വിഭാഗത്തിനു വേണ്ടിയുള്ള പുതിയ ബ്ലോക്ക് എന്നീ ബഹുനില കെട്ടിടങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. എന്നാല്‍, ആശുപത്രിയിലെ നേത്രവിഭാഗത്തില്‍ ചികിത്സ തേടുന്ന രോഗികള്‍ വലിയ ദുരിതം നേരിടുകയാണ്. നേത്രവിഭാഗത്തിലെ ലേസർ, ഒസിടി മെഷീനുകള്‍ പ്രവർത്തനരഹിതമായിട്ട് ഒരു വർഷമായി. മാധ്യമങ്ങളുള്‍പ്പെടെ ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ രോഗികളെ ദുരിതക്കയത്തില്‍നിന്നു കരകയറ്റാൻ ഒരു ശ്രമവും നടത്തിയിട്ടില്ല.

കണ്ണ് സ്‌കാൻ ചെയ്യാൻ ഉപയോഗിക്കുന്ന ഒസിടി മെഷീന്‍റെ പ്രവർത്തനം കാര്യക്ഷമമല്ല. ഗുരുതര നേത്രരോഗം ബാധിച്ചവർക്ക് ലേസർ ചികിത്സയിലൂടെ പരിഹാരം കണ്ടെത്താം. കണ്ണിലെ പ്രഷർ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങി വിവിധങ്ങളായ നേത്രരോഗങ്ങള്‍ക്ക് ലേസർ ചികിത്സ ആവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെ ലേസർ മെഷീൻ ഒരു വർഷമായി പ്രവർത്തനരഹിതമാണ്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ലേസർ ചികിത്സയുണ്ടെങ്കിലും എല്ലാ ലേസർ ചികിത്സയ്ക്കുമുള്ള ലെൻസ് അവിടെയില്ലെന്ന് പറയുന്നു.

ഒസിടി, ലേസർ എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് രോഗികള്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു തവണ ലേസർ ചെയ്യണമെങ്കില്‍ 3000 മുതല്‍ 4000 രൂപ വരെ നല്‍കണം.മെഡിക്കല്‍ കോളജ് നേത്രവിഭാഗത്തില്‍ ഒപി പ്രവർത്തിക്കുന്നുണ്ടെങ്കിലും തുടർപരിശോധനകള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പോകണം. ഫണ്ട് അപര്യാപ്തതയാണ് മെഷീനുകള്‍ നന്നാക്കാത്തതിനു കാരണമെന്നാണ് അധികൃതർ പറയുന്നത്.

മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗം ലാബിലെ ബയോകെമിസ്ട്രി മെഷീൻ അടുത്തിടെ തകരാറിലായിരുന്നു. ഇതേത്തുടർന്ന് വിവിധ രക്തപരിശോധനയ്ക്ക് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുള്ളവരും ബന്ധുക്കളും ആശുപത്രിയിലെ സെൻട്രലൈസ്ഡ് ലാബ് പ്രവർത്തിക്കുന്ന പൊടിപാറ ബില്‍ഡിംഗില്‍ പോകണമായിരുന്നു. ഇത് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗർഭിണികളെയും മറ്റു രോഗികളെയും വലച്ചിരുന്നു. ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറിലാകുന്നതും പതിവാണ്.

ആധുനിക പരിശോധനാ സംവിധാനങ്ങള്‍ ഉള്ളതും മുഴുവൻ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതുമായ കാപ്പിലറി ഇലക്‌ട്രോഫോറസിസ് ഉപകരണം കോട്ടയം മെഡിക്കല്‍ കോളജില്‍ വാങ്ങുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.