വയനാട് പുനരധിവാസം; 30 വീടുകൾ നിർമിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപനം; പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല; യൂത്ത് കോൺഗ്രസ് പഠന ക്യാമ്പിൽ രൂക്ഷ വിമർശനം

Spread the love

ആലപ്പുഴ: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകുമെന്ന പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പഠന ക്യാമ്പിൽ രൂക്ഷ വിമർശനം. ഡിവൈഎഫ്ഐ വീടുകൾ പൂർത്തിയാക്കിയിട്ടും യൂത്ത് കോൺഗ്രസിന് ഒരു വീടിൻ്റെ പോലും നിർമ്മാണം തുടങ്ങാനായില്ലെന്നാണ് കുറ്റപ്പെടുത്തൽ. 88 ലക്ഷം രൂപയാണ് അക്കൗണ്ടിൽ വന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വിമർശനത്തിനുള്ള മറുപടിയിൽ വിശദീകരിച്ചു.

വയനാട്ടിലെ പ്രതിനിധികളാണ് ചർച്ച തുടങ്ങിവച്ചത്. ഇത് മറ്റു ജില്ലകളിലെ പ്രതിനിധികളും ഏറ്റെടുത്തു. വീട് നിർമ്മാണത്തിനായി ഒരു മണ്ഡലത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കണം എന്നായിരുന്നു നിർദേശം. പണം പിരിച്ചു തരാത്ത നിയോജക മണ്ഡലം പ്രസിഡൻ്റുമാരെ മാറ്റുമെന്നും പറഞ്ഞിരുന്നു. ഭൂരിപക്ഷം കമ്മിറ്റികളും പണം നൽകിയിട്ടും വീടുപണി തുടങ്ങിയില്ല. ഇത് വലിയ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നിന്ന് പിരിച്ചെടുക്കുന്ന 2.80 കോടി രൂപയും സ്പോൺസർഷിപ്പ് തുകയും ഉപയോഗിച്ച് 30 വീടുകൾ നിർമിക്കുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രഖ്യാപനം. അതേസമയം ദുരിതബാധിതർക്കായി 20 വീട് ഡിവൈഎഫ്ഐ പൂർത്തിയാക്കി. എന്നിട്ടും യൂത്ത് കോൺഗ്രസിന് തുടങ്ങാൻ പോലുമായില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. 88 ലക്ഷം രൂപയാണ് അക്കൗണ്ടിൽ വന്നതെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി. കെപിസിസിയുമായി ചേർന്ന് ഭവന പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന നേതൃത്വം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group