
തിരുവനന്തപുരം: പാർട്ട് ടൈം ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് ടെലിഗ്രാമിൽ സന്ദേശമെത്തി. ആദ്യഘട്ടത്തിൽ ടാസ്കുകള്‍ക്ക് ചെറിയ പ്രതിഫലം ലഭിച്ചു. പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭ വിഹിതമെന്ന വാഗ്‌ദാനത്തിൽ വീണ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ.
തിരുവനന്തപുരം സൈബർ ക്രൈം പോലീസും സമാനമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. വിവിധ കാരണങ്ങൾ പറഞ്ഞ് ആളുകളിൽ നിന്നും ഇവർ പണം ഈടാക്കും. തുകയുടെ ലാഭ വിഹിതം നൽകി വിശ്വാസ്യത പിടിച്ചു പറ്റിയ ശേഷം വലിയ നിക്ഷേപങ്ങളുമായി ഇവർ മുങ്ങും.
തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തത്. 22,23,305 രൂപയാണ് യുവതിക്ക് നഷ്ടമായത്. പരാതിക്കാരിയായ യുവതിയെ ടെലിഗ്രാമിലൂടെയാണ് പ്രതികൾ ബന്ധപ്പെടുന്നത്. പാർട്ട് ടൈം ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന വ്യാജേനയാണ് ഇവർ യുവതിയെ സമീപിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ആദ്യമൊക്കെ യുവതി നിരസിച്ചെങ്കിലും പ്രതികൾ നിരന്തരം സന്ദേശങ്ങൾ അയച്ചു കൊണ്ടിരുന്നു. അഞ്ജന ഗോകുൽ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്നാണ് പരാതിക്കാരിക്ക് സന്ദേശമെത്തിയത്. ഇവരൊക്കെ ഇതിൽ നിന്നും ലാഭം നേടിയുണ്ടെന്നും, വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ പണം സമ്പാദിക്കാൻ കഴിയുന്ന മാർഗമാണെന്നുമായിരുന്നു ഇവർ പറഞ്ഞത്.
ടെലിഗ്രാം ഗ്രൂപ്പിൽ ചേരുന്നതിനായി ഒരു സൈറ്റിന്റെ ലിങ്കും അയച്ച് കൊടുത്തു. ഈ ഗ്രൂപ്പിൽ നിരവധി പേരുണ്ടായിരുന്നെന്നാണ് പരാതിക്കാരി പറയുന്നത്. Foot Locker എന്ന സൈറ്റിന്റെ ലിങ്കായിരുന്നു പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചത്. അയച്ച് കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഈ സൈറ്റിൽ കയറാനും അതിൽ പ്രൊഫൈൽ ഉണ്ടാക്കാനും പ്രതികളിൽ ഒരാൾ നിർദ്ദേശം നൽകി. മീര എന്ന് പേരുള്ള ടെലിഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്ന ഒരാളാണ് പരാതിക്കാരിയെ ഗ്രൂപ്പിൽ ചേർക്കുന്നത്. യുവതി സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കിയ ശേഷം പ്രതികൾ ടെലിഗ്രാം ലിങ്കുകൾ വഴി ജോലിയുടെ പ്രൊമോഷൻ നൽകി.
വിവിധ ടാസ്കുകള്‍ ചെയ്താല്‍ പ്രതിഫലം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വിശ്വസിപ്പിക്കാനായി ഇടയ്ക്ക് ചെറിയ തുകകൾ പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് പ്രതിഫലം നല്‍കി. കൂടുതല്‍ പ്രതിഫലമുള്ള ടാസ്ക് ലഭിക്കാന്‍ മുന്‍കൂട്ടി പണം നല്‍കണമെന്നുപറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. അങ്ങനെ ആകെ 23 ലക്ഷത്തോളം രൂപ പരാതിക്കാരിയിൽ നിന്നും കൈപ്പറ്റി. തുടർന്ന് ലാഭം ലഭിക്കാതായതോടെ യുവതി പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ 23നാണ് പോലീസ് കേസെടുക്കുന്നത്.