ജീവിതത്തിൽ ഏറ്റവും വിഷമമുണ്ടാക്കിയ സംഭങ്ങളിൽ ഒന്നാണ് അത് ; മനസ് തുറന്ന് ഇന്ദ്രൻസ്
സ്വന്തംലേഖകൻ
കോട്ടയം : സമീപകാലത്ത് മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇന്ദ്രൻസ്. 2017ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ അദേഹം അഭിനയിക്കാനറിയാമെന്ന് തെളിയിച്ചു കഴിഞ്ഞ നടനാണ്. എന്നാൽ തനിക്ക് ചലച്ചിത്ര ലോകത്തു നിന്ന് തന്നെ പരിഹാസം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. ഒരു സംവിധായകനെ അഭിനന്ദിച്ചപ്പോൾ അദ്ദേഹം തന്നെ പരിഹസിക്കുകയായിരുന്നുവെന്ന് ഇന്ദ്രൻസ് പറയുന്നു. ‘ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കുടുംബ സമേതം പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുക്കാനായി പോയത്. അവിടെ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഒരു പ്രമുഖ സംവിധായകനും എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനായി അടുത്ത് ചെന്നപ്പോള്‍ തിരിഞ്ഞ് നിന്ന് ‘ഓ, നിങ്ങള്‍ അടൂരിന്റെ പടത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ. അടൂര്‍ നിലവാരം താഴ്ത്തിയോ, അതോ നിങ്ങള്‍ ആ നിലവാരത്തിലേക്ക് എത്തിയോ’ എന്ന് പറഞ്ഞ് പരിഹാസച്ചുവയോടെ ചിരിച്ചു. കുടുംബാംഗങ്ങള്‍ ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നു’.- ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ഇന്ദ്രൻസ് പറഞ്ഞു.നിലവിൽ ഡോക്ടർ ബിജുവിൻ്റെ ‘വെയിൽമരങ്ങൾ’ എന്ന സിനിമയുടെ തിരക്കുകളിലാണ് ഇന്ദ്രൻസ്. ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഷാങ്‌ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.