ഡോക്ടർമാരില്ല! കിടത്തി ചികിത്സയ്ക്ക് ബെഡും ഉപകരണങ്ങളുമില്ല, ശസ്ത്രക്രിയകൾ മുടങ്ങുന്നു ; നമ്പർ വൺ കേരളമെന്ന് വീമ്പ് പറയുമ്പോഴും ആരോഗ്യമേഖലയുടെ നട്ടെല്ലായ മെഡിക്കല്‍ കോളജുകളിൽ പ്രതിസന്ധി രൂക്ഷം ; മധ്യ കേരളത്തിലെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളജുകളില്‍ ഒന്നായ കോട്ടയം മെഡിക്കൽ കോളേജിന്റെ അവസ്ഥയും സമാനം

Spread the love

കോട്ടയം : ഉപകരണക്ഷാമം ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ഹസന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ വെട്ടിലായി ആരോഗ്യ വകുപ്പ്.

“ഉപകരണങ്ങള്‍ ഇല്ലാത്തത് ഗുരുതര പ്രതിസന്ധിയെന്നും, പ്രശ്നം പരിഹരിക്കാൻ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു” എന്നുമായിരുന്നു പോസ്റ്റ്. ഈ കുറിപ്പിന് പിന്നാലെ ആരോപണം ആരോഗ്യ വകുപ്പ് തള്ളിയിരുന്നു.

ക്ഷാമമില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്ബോഴും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് യാഥാർത്ഥ്യം വിശദീകരിക്കുകയാണ് ഡോ. ഹാരിസ് ഹസൻ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജിലും ഇതേ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യമേഖലയില്‍ കേരളം മുന്നിലാണെന്ന് നാം ആവർത്തിക്കുമ്ബോഴും ആരോഗ്യമേഖലയുടെ നട്ടെല്ലായ മെഡിക്കല്‍ കോളജിലെ പ്രതിസന്ധി സാധാരണക്കാരായ നിരവധി രോഗികളെയാണ് ബാധിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ മതിയായ ഡോക്ടേഴ്സ് ഇല്ലാത്തതിനാല്‍ ന്യൂറോ വിഭാഗത്തില്‍ ഉള്‍പ്പെടെ ശസ്ത്രക്രിയ മുടങ്ങുകയാണ്. ന്യൂറോ, കാർഡിയോളജി, മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളില്‍ മതിയായ ഡോക്ടർമാർ കോട്ടയം മെഡിക്കല്‍ കോളജില്‍ ഇല്ല. ശസ്ത്രക്രിയകള്‍ക്ക് കാലതാമസം വരുന്ന അവസ്ഥയും ഇവിടെയുണ്ട്. മധ്യ കേരളത്തിലെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളജുകളില്‍ ഒന്നാണ് കോട്ടയത്തേത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നടക്കം ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുന്നത്.

കിടത്തി ചികിത്സയ്ക്ക് ആവശ്യമായ കിടക്കകള്‍ പോലും ഇവിടെ പലപ്പോഴായും ഉണ്ടാകാറില്ല. അതോടൊപ്പം തന്നെ മരുന്നുകളുടെ ക്ഷാമം മൂലം പലപ്പോഴും രോഗികളില്‍ പലരും പുറത്തു നിന്നാണ് മരുന്നുകള്‍ അമിതമായ വിലകൊടുത്തു വാങ്ങുന്നത്. പരിമിതികള്‍ ഏറെയാണ് കോട്ടയം മെഡിക്കല്‍ കോളജിനുള്ളത്.

അതേസമയം, ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലില്‍ ആരോഗ്യവകുപ്പ് ഉടന്‍ അന്വേഷണം പ്രഖ്യാപിക്കും. അന്വേഷണത്തിന് നാലംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിൻസിപ്പലും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും സമിതിയില്‍ ഉണ്ടാകും. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകള്‍ പരിശോധിക്കും. അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലവും പരിശോധിക്കും.