കമ്പം -കമ്പംമെട്ട് ദേശീയ പാതയിലെ കൊള്ളക്കാരുടെ പിടിച്ചുപറി നേരിടാൻ തയ്യാറെടുത്ത് പോലീസ്
സ്വന്തം ലേഖകൻ
ഇടുക്കി : കേരള തമിഴ്‌നാട് അതിർത്തിപ്രദേശമായ കമ്പം മേട്ട് റോഡിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. രാത്രി യാത്രക്കാരെ വാഹനം തടഞ്ഞു നിർത്തി ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും കവരുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. ഇതേ തുടർന്ന് യാത്രക്കാർക്ക് സംരക്ഷണമൊരുക്കാൻ സായുധ പൊലീസിനെ നിയോഗിച്ചു. ഇവിടെ 24മണിക്കൂറും പൊലീസ് പെട്രോളിംഗ് ഉണ്ടാവും. കമ്പം മുതൽ കമ്പംമെട്ട് റോഡ് വരെയുള്ള തമിഴ്‌നാടിന്റെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ തമിഴ് നാട് പോലീസും പരിശോധന നടത്തും.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കമ്പം-കമ്പംമെട്ട് റോഡിൽ കവർച്ച തടയാൻ ഇനി 24 മണിക്കൂർ പോലീസ് പട്രോളിങ് .കമ്പം-കമ്പംമെട്ട് റോഡിലെ കൊള്ളസംഘത്തെ അമർച്ച ചെയ്യാൻ 24 മണിക്കൂറും കേരള-തമിഴ്‌നാട് പൊലീസ് സേനയുടെ നേതൃത്വത്തിൽ ആയുധധാരികളായ പോലീസ് സംഘത്തിന്റെ പട്രോളിങ് തുടങ്ങി. ഇതുവഴി യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന സംഭവങ്ങളെത്തുടർന്നാണു നടപടി.രാത്രികാലങ്ങളിൽ പട്രോളിങിനു കൂടുതൽ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. എസ്‌ഐയുടെ നേതൃത്വത്തിലുള്ള കമ്പംമെട്ട് പൊലീസ് സംഘത്തിന് പിസ്റ്റൾ,റൈഫിളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും നൽകിയിട്ടുണ്ട്. കമ്പം മുതൽ കമ്പംമെട്ട് റോഡ് വരെയുള്ള തമിഴ്‌നാടിന്റെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ തമിഴ് നാട് പോലീസും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ കമ്പംമെട്ട് ചെക്‌പോസ്റ്റിൽ ജില്ലാ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ആരംഭിച്ചു. ഇടുക്കി ജില്ലയിൽ നിന്നും ഇതര ജില്ലകളിൽ നിന്നും കമ്പം, തേനി പ്രദേശങ്ങളിലേക്കു രാത്രി കാലങ്ങളിൽ പോകുന്നവരുടെ വാഹനങ്ങൾ തടഞ്ഞ് കൊള്ള സംഘം പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളും കവരുന്ന സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിലാണു ഇരു സംസ്ഥാനങ്ങളിലെയും ആഭ്യന്തര വകുപ്പ് അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെട്ടത്.