റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്കൂട്ടര്‍ വെട്ടിച്ചു; ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം; അമ്മക്ക് ഗുരുതര പരിക്ക്, സ്ഥലത്ത് വൻ പ്രതിഷേധം

Spread the love

സ്വകാര്യ ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃശൂർ എംജി റോഡിലെ കുഴിയില്‍ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ ആണ് യുവാവ് ബസിനടിയില്‍പ്പെട്ടത്.ഉദയനഗർ സ്വദേശി വിഷ്‌ണുദത്ത് (22) ആണ് മരിച്ചത്. തൃശൂർ സീതാറാം ഫാർമസിയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണുദത്ത്.

വിഷ്‌ണുദത്തിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്‌തിരുന്ന അമ്മ പത്മിനി (60) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ പിന്നില്‍ നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്‌ണുദത്തിനെ രക്ഷിക്കാനായില്ല. ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. വിഷ്‌ണുദത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിന് പിന്നാലെ ജനരോഷം ശക്തമാവുകയാണ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കൗണ്‍സിലർമാരും ഉള്‍പ്പെടെ റോഡിലെ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചിട്ടും നടന്നില്ല. ഇവർ മേയർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. കോർപ്പറേഷന്റെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് കാരണമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പൂർണമായും റോഡ് തടഞ്ഞുകൊണ്ടാണ് പ്രതിഷേധം. ഒടുവില്‍ ഏറെ പണിപെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റിയത്. ബിജെപിയും സംഭവത്തില്‍ പ്രതിഷേധവുമായെത്തി.