പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല; രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം

Spread the love

മലപ്പുറം : ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (CMD) സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

2025 ജൂലൈ 02 ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കളക്ടറേറ്റ് ക്യാമ്ബസിലുള്ള ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറൻസ് ഹാളിലാണ് ശില്പശാല നടക്കുകയെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിശദവിവരങ്ങള്‍ ചുവടെ നല്‍കുന്നു.

തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്‌ട് ഫോർ റിട്ടേണ്‍ഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയില്‍ ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉചിതമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭിക്കും. ഇതോടൊപ്പം കുറഞ്ഞ മൂലധനത്തില്‍ നാട്ടില്‍ ആരംഭിക്കുവാൻ കഴിയുന്ന നൂതന ബിസിനസ്സ് ആശയങ്ങളും പരിചയപ്പെടാം. താത്പര്യമുള്ള പ്രവാസികള്‍ക്ക് ജൂലൈ 02 ന് രാവിലെ വേദിയിലെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.

രണ്ട് വർഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയർക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. താല്‍പര്യമുള്ളവർക്ക് നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദർശിച്ച്‌ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേർന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക്: സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റ് ഹെല്‍പ്പ് ഡെസ്ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.