play-sharp-fill
തിരുനക്കര ക്ഷേത്രത്തിനു സമീപം മാലപൊട്ടിക്കാൻ ശ്രമം: തയ്യൽക്കടയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച ശേഷം ഇറങ്ങിയോടിയ ചങ്ങനാശേരി സ്വദേശിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു; പിടികൂടിയത് നാട്ടുകാർ ചേർന്ന്

തിരുനക്കര ക്ഷേത്രത്തിനു സമീപം മാലപൊട്ടിക്കാൻ ശ്രമം: തയ്യൽക്കടയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച ശേഷം ഇറങ്ങിയോടിയ ചങ്ങനാശേരി സ്വദേശിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു; പിടികൂടിയത് നാട്ടുകാർ ചേർന്ന്

തേർഡ് ഐ ബ്യൂറോ
കോട്ടയം: തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേനടയിലെ തയ്യൽക്കടയിലെ ജോലിക്കാരിയായ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനു കൈമാറി. ചങ്ങനാശേരി സ്വദേശിയായ യുവാവിനെയാണ് നാട്ടുകാർ പിടികൂടിയത്. പ്രദോഷ ദിവസമായ വെള്ളിയാഴ്ച  വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി നിന്നതെന്നാണ് ലഭിക്കുന്ന സൂചന. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേ നടയിലെ പടികൾക്ക് സമീപത്ത് വൈകിട്ട് ഏഴു മണിമുതൽ യുവാവ് നിൽക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കയ്യിലൊരു ഹെൽമറ്റുമായി ഇയാൾ പടിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും കയറിയിറങ്ങുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നി നാട്ടുകാർ ഇടയ്ക്ക് ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, രാത്രി എട്ടരയോടെ ക്ഷേത്രത്തിന്റെ വടക്കേനടയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേയ്ക്ക് ഇയാൾ ഓടിക്കയറുകയായിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ യുവാവ് ശ്രമിച്ചു. വീട്ടമ്മ പ്രതിരോധിച്ചതോടെ ഇയാൾ ഓഫിസിൽ നിന്നും ഇറങ്ങിയോടി. തയ്യൽക്കടയിലെ ജീവനക്കാരും പുറത്തേയ്ക്ക് ഇറങ്ങിയോടി. ഇവർ ബഹളം വച്ചതോടെ സമീപത്തെ നാട്ടുകാർ പ്രതിയ്ക്ക് പിന്നാലെ ഓടി. ക്ഷേത്രത്തിന്റെ പടിക്കെട്ടിലൂടെ ഓടിയ പ്രതി നേരെ എത്തിയത് ശ്രീനിവാസയ്യർ റോഡിലേയ്ക്കാണ്. ഈ സമയം നാട്ടുകാരും പിന്നാലെയുണ്ടായിരുന്നു. നേരെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഭാഗത്തേയ്ക്കാണ് പ്രതി തിരിഞ്ഞത്. ഇവിടെ കൂടിനിന്ന നാട്ടുകാരും ഇതുവഴി എത്തിയ ഓട്ടോഡ്രൈവറും ചേർന്ന് പ്രതിയെ പിടികൂടി. തുടർന്ന് കൺട്രോൾ റൂം, പിങ്ക് പെട്രോളിംങ് സംഘത്തെ വിളിച്ചു വരുത്തി. ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.