അലങ്കാര ബൾബുകൾ കോർത്തിണക്കി സുശീല ജീവിതം പ്രകാശിപ്പിക്കുന്നു: ആഴ്ചയില്‍ സ്വന്തമാക്കുന്നത് അയ്യായിരത്തോളം രൂപ

Spread the love

കോട്ടയം: കോത്തല സ്വദേശിയായ സുശീലയുടെ ജീവിതത്തിന് പ്രകാശം പകരുന്നത് അലങ്കാര ബള്‍ബുകള്‍. എല്‍.ഇ.ഡി അലങ്കാര ബള്‍ബുകള്‍ കോർത്തിണക്കുന്നതിലൂടെ ആഴ്ചയില്‍ സ്വന്തമാക്കുന്നത് കുറഞ്ഞത് 5000 രൂപ.
23 വർഷമായി ഈ മേഖലയിലെ തിളക്കമാണ് 42കാരിയായ സുശീല.

18ാം വയസില്‍ വാകത്താനത്ത് ലൈറ്റ് ആൻഡ് സൗണ്ട് കടയില്‍ ജോലിക്ക് പോയതാണ് വഴിത്തിരിവായത്. കടയുടമ വാകത്താനം സ്വദേശി ശശി ബള്‍ബുകള്‍ സെറ്റ് ചെയ്യാൻ പഠിപ്പിച്ചു. എട്ട് എം.എം ബള്‍ബ്, ഏഴ് കമ്പിയുള്ള വയർ, ഹോള്‍ഡർ, കപ്പ്, റെസിസ്റ്റൻസ്, ഡയോഡ്, കപ്പാസിറ്റർ തുടങ്ങിയവ വാങ്ങിയാണ് നിർമ്മാണം.
ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായ കോത്തല മണ്ണുത്തിപാറ പള്ളിക്കുന്നേല്‍ അജയനെ വിവാഹം കഴിച്ചതോടെ ഈ മേഖല ജീവിതത്തിന്റെ ഭാഗമായി. പന്തല്‍

വർക്ക്, ഉത്സവം, പെരുന്നാള്‍, വിവാഹം, സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അലങ്കാര ബള്‍ബുകള്‍ വേണം. ഇത് വാടകയ്ക്കും നല്‍കുന്നുണ്ട്. മൂന്നു ദിവസത്തിന് (മാല ബള്‍ബ്) 40 രൂപ. തോരണത്തിന് 45 രൂപ. 8 എം.എം (ബള്‍ബും, ഏഴ് കമ്ബി വയർ) ആയതിനാല്‍, എത്രനാള്‍ വേണമെങ്കിലും ഈടുനില്‍ക്കും. ഇടിമിന്നല്‍, മഴ എന്നിവ യേറ്റാല്‍ മാത്രമേ കേടാകൂ. മാലയ്ക്ക് 300 രൂപയും, തോരണത്തിന് 400 രൂപയുമാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നാനും ഓടാനും റെഡി
ഒരു ബള്‍ബില്‍ നിന്നു (പോസിറ്റീവ്,നെഗറ്റീവ്) അതിന്റെ കാലുകള്‍ കട്ട് ചെയ്തശേഷം വയറില്‍ പിടിപ്പിക്കും. ഡയോഡ്, കപ്പാസിറ്റർ, റെസിസ്റ്റൻസ് എന്നിവ മൂന്നും ഘടിപ്പിച്ച്‌ സർക്യൂട്ട് ചെയ്താല്‍ ബള്‍ബ് പ്രകാശിക്കും. ഓടിയോടി കത്തുന്ന മാല ബള്‍ബുകള്‍ക്കായി സർക്യൂട്ടില്‍ ചേയ്‌സർ ഘടിപ്പിക്കും. തെളിയുകയും അണയുകയും ചെയ്യുന്ന മാല ബള്‍ബുകള്‍ക്കായി അഡാപ്റ്റർ ഘടിപ്പിക്കും. മുക്കാല്‍ മണിക്കൂർ കൊണ്ട് 12 മീറ്റർ നീളമുള്ള മാല നിർമ്മിക്കും.