
മുംബൈ: മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആകാശമധ്യേ യാത്രക്കാരും ജീവനക്കാരും കുഴഞ്ഞു വീണതായി റിപ്പോര്‍ട്ട്.
വിമാനത്തിനുള്ളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമികമായി സംശയിക്കപ്പെടുന്നത്. അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമാണ് തലകറക്കവും ഛര്‍ദ്ദിലും അടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
ഇന്നലെ ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടത്. ആദ്യം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനും ആണ് തലകറക്കവും ചര്‍ദ്ദിലും അനുഭവപ്പെട്ടതെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനം 35000 അടി മുകളില്‍ പറക്കുമ്ബോഴാണ് യാത്രക്കാര്‍ക്ക് തലകറക്കം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായത്. രോഗകാരണത്തിന്റെ ഉറവിടം അന്വേഷിച്ചുവരികയാണ്. വിമാനത്തിനുള്ളില്‍ ഓക്‌സിജന്‍ വിതരണം മോശമായാലും ഛര്‍ദ്ദിലിനും തലകറക്കത്തിനും കാരണമാകും. എന്നാല്‍ ഈ സാധ്യത അധികൃതര്‍ തള്ളിക്കളയുകയാണ്.
മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ കുഴഞ്ഞു വീണവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ ടീമുകള്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. അസ്വസ്ഥതകള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ട രണ്ട് യാത്രക്കാരെയും രണ്ട് ക്യാബിന്‍ ക്രൂവിനെയും കൂടുതല്‍ പരിശോധനയ്ക്കായി എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയി. പിന്നീട് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പാസഞ്ചര്‍ ക്യാബിനില്‍ ഓക്‌സിജന്‍ അളവ് കുറഞ്ഞാലും ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വിമാനത്തിലെ പൈലറ്റുമാരെ ഭക്ഷ്യവിഷബാധ ബാധിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്ബിയ ശേഷമാണ് പൈലറ്റ്മാര്‍ക്ക് ഭക്ഷണം ലഭിക്കുന്നത്. യാത്രക്കാര്‍ക്ക് ലഭിക്കുന്ന അതേ ഭക്ഷണമാണ് അവര്‍ക്കും ലഭിക്കുന്നത്
സംഭവത്തില്‍ എയര്‍ലൈന്‍സ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയും ചെയ്തു. വിമാനത്തിനുള്ളില്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായെന്നാണ് സംശയിക്കപ്പെടുന്നത്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ പ്രസ്താവന ഇറക്കി. ഞങ്ങളുടെ അതിഥികള്‍ക്ക് ജീവനക്കാര്‍ക്കും ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് പ്രസ്താവനയിലുള്ളത്. അഹമ്മദാബാദ് വിമാന അപകടം മുതല്‍ എയര്‍ ഇന്ത്യ തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിമാനങ്ങളുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുമ്ബോഴാണ് പുതിയ സംഭവം.