“ബിഗ് സല്യൂട്ട്”, സെമിഫൈനലില്‍ യുഡിഎഫ് വിജയിച്ചു; സര്‍ക്കാര്‍ എത്രമാത്രം അണ്‍പോപുലറാണെന്ന് തെളിയിക്കുന്ന ഫലം: നിലമ്പൂരിലെ ജനതയ്ക്ക് നന്ദിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Spread the love

മലപ്പുറം: വൻ വിജയം സമ്മാനിച്ച നിലമ്പൂരിലെ ജനതയ്ക്ക് നന്ദിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

“സെമിഫൈനലില്‍ യുഡിഎഫ് വിജയിച്ചു.ഇനി ഫൈനലും വിജയിക്കും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും യുഡിഎഫിന്റെയും മുഴുവൻ പ്രവർത്തകർക്കും “ബിഗ് സല്യൂട്ട്” എന്നായിരുന്നു ചെന്നിത്തലയുടെ അഭിനന്ദനം.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ് നിലമ്ബൂരിലേതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.”നിലമ്ബൂരില്‍ ശക്തമായ ഭരണവിരുദ്ധ വികാരവും അതിശക്തമായ ജനവികാരത്തിന്റെ കുത്തൊഴുക്കുമാണ് കണ്ടത്. പിണറായിക്ക് അധികാരത്തില്‍ തുടരാൻ ധാർമ്മിക അവകാശമില്ല. രാജിവെച്ച്‌ ഒഴിയണം. പിണറായി സർക്കാർ കാവല്‍ മന്ത്രിസഭയായി മാറിയിരിക്കുന്നു. ജനങ്ങള്‍ സർക്കാരിനെ പരിപൂർണമായി നിരാകരിച്ചു” എന്നും അദ്ദേഹം വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള രാഷ്ട്രീയത്തില്‍ ബിജെപി എടുക്കാ ചരക്കായി മാറി. അൻവർ പിടിച്ച വോട്ടുകള്‍ക്കും ഭരണവിരുദ്ധ വികാരത്തിന്റെ തന്നെ പ്രതിഫലനമാണ്. സർക്കാർ എത്രമാത്രം അണ്‍പോപുലറാണെന്നു തെളിയിക്കുന്ന ഫലമാണിതെന്നും ചെന്നിത്തല പറഞ്ഞു.

അൻവറിനെ കൂടെ കൂട്ടാൻ എല്ലാ ശ്രമവും താൻ നടത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും താനും അതിന് വേണ്ടി ശ്രമിച്ചു. ഇനിയുള്ള കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം ചേർന്നാണ് തീരുമാനിക്കേണ്ടത്. താൻ ഒറ്റയ്ക്ക് പറയാനുള്ള കാര്യമല്ല. അൻവർ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം 25,000 ക് മുകളിലേക്ക് വർധിക്കുമായിരുന്നുവെന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.