
അണ്ഡാശയത്തില്‍ ചെറിയ സിസ്റ്റുകള്‍ രൂപപ്പെടുന്ന അവസ്ഥയെയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്/പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം, അധവാ പിസിഒഡി എന്ന് പറയുന്നത്.
പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങള്‍ ഈസ്ട്രജൻ, പ്രൊജസ്റ്ററോണ്‍ എന്നീ സ്ത്രീ ലൈംഗിക ഹോർമോണുകളും ആൻഡ്രോജൻ എന്നറിയപ്പെടുന്ന പുരുഷ ലൈംഗിക ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണുകള്‍ ആർത്തവ ചക്രത്തില്‍ അണ്ഡാശയത്തില്‍ അണ്ഡത്തിന്റെ രൂപീകരണം വർധിപ്പിക്കാൻ സഹായിക്കുന്നു. ഈ ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് പിസിഒഡിയിലേക്ക് നയിക്കുന്നത്.
കാരണങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിസിഒഡി ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ താഴെ പറയുന്ന ഘടകങ്ങളെല്ലാം പിസിഒഡിയിലേക്ക് നയിക്കുന്നുവയാണ്:
ഇൻസുലിൻ പ്രതിരോധം: ശരീരത്തിലെ കോശങ്ങള്‍ ഇൻസുലിനോട് ശരിയായി പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണിത്. ഇത് രക്തത്തില്‍ ഇൻസുലിന്റെ അളവ് കൂട്ടുകയും അണ്ഡാശയത്തെ കൂടുതല്‍ ആൻഡ്രോജനുകള്‍ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
ജനിതകപരമായ കാരണങ്ങള്‍: കുടുംബത്തില്‍ ആർക്കെങ്കിലും പിസിഒഡി ഉണ്ടായിരുന്നുവെങ്കില്‍ അടുത്ത തലമുറയില്‍ വരാനുള്ള സാധ്യത കൂടുതലാണ്.
അമിത ആൻഡ്രോജൻ ഉത്പാദനം: അണ്ഡാശയത്തില്‍ അമിതമായ പുരുഷ ഹോർമോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഒരു പ്രധാന കാരണമാണ്. ഇത് അമിത രോമവളർച്ചയ്ക്കും മുഖക്കുരുവിനും കഷണ്ടിക്കും കാരണമാകാം.
വീക്കം (Low-Grade Inflammation): പിസിഒഡി ഉള്ള പല സ്ത്രീകളിലും ശരീരത്തില്‍ ചെറിയ തോതിലുള്ള വീക്കം (Inflammation) കണ്ടുവരാറുണ്ട്. ഈ വീക്കം ആൻഡ്രോജന്റെ അളവ് വർധിപ്പിക്കുന്നതിനും അണ്ഡാശയ പ്രവർത്തനത്തെ ബാധിക്കുന്നതിനും കാരണമാകാം.
ജീവിതശൈലി ഘടകങ്ങള്‍: ആധുനിക ജീവിതശൈലി ഘടകങ്ങള്‍ പിസിഒഡിയുടെ സാധ്യത വർധിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണരീതികള്‍, വ്യായാമമില്ലായ്മ, അമിതവണ്ണം, സമ്മർദം എന്നിവയെല്ലാം പിസിഒഡിയിലേക്ക് നയിക്കുകയും, ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും.
പ്രധാന ലക്ഷണങ്ങള്‍:
പിസിഒഡിയുടെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമായിരിക്കുമ്പോള്‍, മറ്റുചിലരില്‍ ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ഗുരുതരമായേക്കാം.
ക്രമം തെറ്റിയ ആർത്തവം: ഇത് പിസിഒഡിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ്. ചിലർക്ക് മാസങ്ങളോളം ആർത്തവം ഉണ്ടാകാതിരിക്കാം, മറ്റു ചിലർക്ക് ഇടയ്ക്കിടെ വരികയോ അല്ലെങ്കില്‍ അമിതമായ രക്തസ്രാവം ഉണ്ടാകുകയോ ചെയ്യാം.
അമിത രോമവളർച്ച: മുഖം, നെഞ്ച്, വയറ് എന്നിവിടങ്ങളില്‍ അസാധാരണമായ രോമവളർച്ച കാണപ്പെടുന്നു.
മുഖക്കുരു: മുഖത്തും ശരീരത്തിലും സ്ഥിരമായി മുഖക്കുരു ഉണ്ടാകാം.
ശരീരഭാരം വർധിക്കുന്നത്: പ്രത്യേകിച്ച് വയറിന് ചുറ്റും അമിതമായി തടി കൂടാൻ സാധ്യതയുണ്ട്.
മുടി കൊഴിച്ചില്‍ / കഷണ്ടി: പുരുഷന്മാരില് കാണുന്നതുപോലെയുള്ള മുടി കൊഴിച്ചിലും കഷണ്ടിയും.
അണ്ഡോത്പാദനം നടക്കാത്തത്: പിസിഒഡി പലപ്പോഴും സാധാരണ അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍, ഈ അവസ്ഥയുള്ള സ്ത്രീകള്‍ക്ക് വന്ധ്യത അനുഭവപ്പെടാം. എന്നിരുന്നാലം ശരിയായ ചികിത്സയിലൂടെ പിസിഒഡി ഉള്ള പല സ്ത്രീകള്‍ക്കും ഗർഭം ധരിക്കാൻ സാധിക്കുന്നുണ്ട്.
കറുത്ത പാടുകള്‍: കഴുത്തിലും കക്ഷത്തിലും കറുത്ത, കട്ടിയുള്ള പാടുകള്‍ കാണപ്പെടാം.
തലവേദന: ചില സ്ത്രീകളില്‍ സ്ഥിരമായ തലവേദന അനുഭവപ്പെടാം.
ഉത്കണ്ഠയും വിഷാദവും: ഹോർമോണ്‍ വ്യതിയാനങ്ങള്‍ കാരണം മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, വിഷാദം, ഉത്കണ്ഠ എന്നിവയും സാധാരണമാണ്. എല്ലാ സ്ത്രീകളിലും ഈ ലക്ഷണങ്ങള്‍ ഒരുപോലെ കാണണമെന്നില്ല. ചിലരില്‍ ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ.
പ്രസവം കഴിഞ്ഞവരില്‍ പിസിഒഡി വരുമോ?
പ്രസവം കഴിഞ്ഞ സ്ത്രീകളിലും പിസിഒഡി വരാനുള്ള സാധ്യതയുണ്ട്. ഗർഭധാരണത്തിനു മുൻപ് പിസിഒഡി ഇല്ലാത്തവർക്കും പ്രസവശേഷം ഹോർമോണ്‍ വ്യതിയാനങ്ങള്‍ കാരണം ഈ അവസ്ഥ കണ്ടുവരാം. അതുപോലെ, ഗർഭധാരണത്തിനു മുൻപ് പിസിഒഡി ഉണ്ടായിരുന്നവരില്‍ പ്രസവത്തിനു ശേഷം ചിലപ്പോള്‍ ലക്ഷണങ്ങള്‍ കുറയാൻ സാധ്യതയുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും ഒരുപോലെയാകണമെന്നില്ല.
പ്രസവത്തിനു ശേഷം ഈസ്റ്റ്രജൻ, പ്രൊജസ്റ്ററോണ്‍, ഇൻസുലിൻ തുടങ്ങിയ ഹോർമോണുകളുടെ അളവുകളില്‍ വരുന്ന മാറ്റം പിസിഒഡിയിലേക്ക് നയിക്കാം. അതുപോലെ തന്നെ ഗർഭകാലത്ത് പ്രമേഹമുള്ളവർക്കു പ്രസവത്തിന് ശേഷം ഇൻസുലിൻ റെസിസ്റ്റൻസ് കൂടുതലാവാൻ സാധ്യതയുണ്ട്, ഇത് പിസിഒഡി രൂപപ്പെടാൻ കാരണമായി കണക്കാക്കപ്പെടുന്നു. പ്രസവശേഷം പിസിഒഡിയുടെ ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍, ശരിയായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും ആവശ്യമാണ്.
മരുന്നില്ലാതെ പിസിഒഡിയെ നിയന്ത്രിക്കാം
ആരോഗ്യകരമായ ഭക്ഷണക്രമം: പിസിഒഡിയുള്ളവർ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് വളരെ പ്രധാനമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, മത്സ്യം, മാംസം, മുട്ട, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃത ആഹാരം ശീലമാക്കുക. സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, റൊട്ടി, അരി, പാസ്ത, ഉരുളക്കിഴങ്ങ്, ഉയർന്ന ഗ്ലൈസെമിക് ഇൻഡെക്സുള്ള കാർബോഹൈഡ്രേറ്റുകള്‍ എന്നിവ ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിക്കും.
ജങ്ക്, എണ്ണമയമുള്ള/കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക: എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ശരീരഭാരം വർധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് പിസിഒഡിയുടെ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ജങ്ക് ഫുഡ്, എണ്ണമയമുള്ള ഭക്ഷണങ്ങള്‍ പൂർണ്ണമായും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
ശരീരഭാരം നിയന്ത്രിക്കുക: ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോള്‍ അളവ് മെച്ചപ്പെടുത്തുന്നതിനും, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, ആർത്തവചക്രത്തിലെ അണ്ഡോത്പാദന ഘട്ടത്തെ പുനഃസ്ഥാപിക്കുന്ന ഇൻസുലിൻ അളവ്, ആൻഡ്രോജൻ അളവ് എന്നിവ നിലനിർത്തുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നത് ആർത്തവചക്രം ക്രമീകരിക്കാനും സഹായിക്കും. ചെറിയ തോതിലുള്ള ഭാരം കുറയ്ക്കല്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം.
പതിവായ വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് പിസിഒഡിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. നടത്തം, യോഗ, നീന്തല്‍, എയറോബിക്സ് തുടങ്ങിയ വ്യായാമങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാനും ഹോർമോണ്‍ ബാലൻസ് മെച്ചപ്പെടുത്താനും സഹായിക്കും. പേശികളുടെ ബലം വർധിപ്പിക്കാനുള്ള വ്യായാമങ്ങളും ഗുണകരമാണ്.
മതിയായ ഉറക്കം: ശരിയായ ഉറക്കം ഹോർമോണ്‍ ബാലൻസിനെ സ്വാധീനിക്കും. ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് പിസിഒഡിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. ഉറക്കമില്ലായ്മ ഹോർമോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുകയും പിസിഒഡിയുടെ ലക്ഷണങ്ങള്‍ വർധിപ്പിക്കുകയും ചെയ്യും.
സമ്മർദം നിയന്ത്രിക്കുക: മാനസിക സമ്മർദം പിസിഒഡിയുടെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കിയേക്കാം. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സമ്മർദം നിയന്ത്രിക്കാൻ ശ്രമിക്കുക. ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏർപ്പെടുന്നതും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ജലാംശം നിലനിർത്തുക: ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഹോർമോണ്‍ ബാലൻസിനും ദഹനത്തിനും നല്ലതാണ്.
പുകവലിയും മദ്യപാനവും ഒഴിവാക്കുക: പുകവലിയും മദ്യപാനവും പിസിഒഡിയുടെ ലക്ഷണങ്ങളെ കൂടുതല്‍ സങ്കീർണ്ണമാക്കിയേക്കാം. ഇവ പൂർണ്ണമായും ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകും.
കാപ്പി ഒഴിവാക്കുക: കാപ്പിയിലെ കഫീൻ, ഈസ്ട്രജൻ്റെ അളവ് വർധിപ്പിച്ച് ശരീരത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം ഹോർമോണ്‍ അസന്തുലിതാവസ്ഥ സംഭവിക്കാം. കാപ്പിക്ക് പകരം ഗ്രീൻ ടീ, ഹെർബല്‍ ടീ എല്ലാം ശീലമാക്കാം. ഇൻസുലിൻ അളവ് നിലനിർത്താനും, ശരീരഭാരം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായകമാകും.
ഡോക്റ്ററുമായി സംസാരിക്കുക: മരുന്നില്ലാതെ പിസിഒഡിയെ നിയന്ത്രിക്കാൻ ശ്രമിക്കുമ്ബോള്‍ പോലും ഒരു ഡോക്റ്ററുമായി സംസാരിക്കുന്നത് പ്രധാനമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ശരിയായ മാർഗ്ഗനിർദേശങ്ങള്‍ നല്‍കുന്നതിനും ഡോക്റ്റർക്ക് സാധിക്കും.