
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകള്‍, പാര ഗ്ലൈഡറുകള്‍, ആളില്ലാ വ്യോമ സംവിധാനങ്ങള്‍, ഡ്രോണുകള്‍, പവർ ഹാൻഡ് ഗ്ലൈഡറുകള്‍, ലേസർ രശ്മികള്‍, ഹോട്ട് എയർ ബലൂണുകള്‍ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉത്തരവിട്ടു.
വിമാനത്താവള ഡയറക്ടർ, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ ഉപകരണങ്ങളുടെ അനധികൃത ഉപയോഗം വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിപ്പോർട്ടുകളില്‍ അറിയിച്ചിരുന്നു.
റണ്‍വേയുടെ സമീപത്തും ലാൻഡിംഗ് പാതയിലും ഇവ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗ്, ടേക്ക് ഓഫ്, പറക്കല്‍ പ്രവർത്തനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത-2023 ലെ സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കളക്ടർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റെഡ് സോണില്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാൻ ആർക്കും അനുവാദമില്ല. ഇത്തരം പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കേണ്ടതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group