
കോട്ടയം: ആഴ്‌ചതോറും വെളിച്ചെണ്ണവില കുതിച്ചു കയറുന്നു.
10 മുതല്‍ 20 രൂപ വരെയാണ് ഒറ്റയടിക്ക് കൂടുന്നത്. ഒരുകിലോ വെളിച്ചെണ്ണ മില്ലുകളില്‍ നിന്ന് വാങ്ങാന്‍ 420-450 രൂപ വരെ കൊടുക്കണം.
തേങ്ങ ലഭ്യത കുറഞ്ഞതും വില കൂടിയതും വെളിച്ചെണ്ണ ഉത്‌പാദനച്ചെലവിലുണ്ടായ വര്‍ധനയുമാണ് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
തൃശൂര്‍, പാലക്കാട്, കാസര്‍കോഡ് മുതല്‍ വടക്കോട്ടുള്ള കര്‍ണാടക പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ മില്ലുടമകളും തേങ്ങ വാങ്ങുന്നത്. ഇത് കോട്ടയം മുതൽ തെക്കോട്ടുള്ള ജില്ലക്കാർക്ക് വൻ തിരിച്ചടിയാണ് നൽകുന്നത്. കഴിഞ്ഞ ഓണത്തിന് 240 ആയിരുന്ന വെളിച്ചെണ്ണ ഡിസംബറില്‍ 290 വിലയായി വര്‍ധിച്ചു. ഇത്തരത്തില്‍ വില വര്‍ധന പതിവായതോടെ ഇപ്പോള്‍ ഒരു കിലോ കൊപ്രയ്‌ക്ക് 245 രൂപയില്‍ എത്തി നില്‍ക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുകിലോ തേങ്ങയ്‌ക്ക് 70-80 രൂപ വരെയാണ് മൊത്തവില. ഇത് ഉണക്കി കൊപ്രയാക്കി ആട്ടുമ്പോള്‍ ചെലവ് വീണ്ടും ഉയരും. മഴ ആരംഭിച്ചതോടെ ആവശ്യത്തിന് പച്ചത്തേങ്ങ കിട്ടാനില്ലാത്തതും തിരിച്ചടിയായി. പ്രമുഖ ഉത്‌പാദക രാജ്യങ്ങളില്‍ തേങ്ങ ഉത്‌പാദനം കുറഞ്ഞിട്ടുമുണ്ട്.
ഭക്ഷ്യ എണ്ണ വിലവര്‍ധനയ്‌ക്ക് തട യിടാന്‍ കേന്ദ്രം കഴിഞ്ഞദിവസം ഇറക്കുമതി തീരുവ കുറച്ചെങ്കിലും അത് വെളിച്ചെണ്ണ വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല.
200രൂപയ്‌ക്ക് തമിഴ്‌നാട്ടില്‍ കൊപ്ര ലഭിക്കും. എന്നാല്‍ ഗുണനിലവാരം കുറയും. നാടന്‍ തേങ്ങയുടെ കാമ്പും കൊഴുപ്പും പുതിയ ഇനം ഇനം തേങ്ങയ്‌ക്ക് കിട്ടില്ല. ഇതാണ് നാടന്‍ തേങ്ങയ്‌ക്ക് ആവശ്യകതയും വിലയും ഉയരാന്‍ കാരണം.
കേരളത്തിലെ വീട്ടമ്മമാര്‍ പാചകത്തിനും മറ്റും അധികമായി ഉപയോഗിക്കുന്നതും വെളിച്ചെണ്ണ തന്നെയാണ്. വന്‍തോതില്‍ വില വര്‍ദ്ധിച്ചതോടെ അടുക്കളയിലെ പാചകരീതികളും താളം തെറ്റിയിട്ടുണ്ട്.
ഒരു ലിറ്റര്‍ വെളിച്ചെണ്ണ ഉത്‌പാദിപ്പിക്കാന്‍ 425 രൂപയ്‌ക്ക് മുകളില്‍ ചെലവ് വരുമെന്നാണ് പരമ്പരാഗത മില്ലുടമകള്‍ പറയുന്നത്. ശരാശരി 1.650 മുതല്‍ 1.700 കിലോ കൊപ്രാ ആട്ടിയാല്‍ മാത്രമേ ഒരു കിലോ വെളിച്ചെണ്ണ ലഭിക്കുകയുള്ളു. ഇത്രയും കൊപ്ര വേണമെങ്കില്‍ 5.200 മുതല്‍ 5.500 കിലോഗ്രാം തേങ്ങ വേണം. ഒരു കിലോ തേങ്ങ ഉണക്കിയാല്‍ 300 മുതല്‍ 310 ഗ്രാം കൊപ്ര ലഭിക്കും.
തേങ്ങയുടെയും കൊപ്രയുടെയും വില കൂടുമ്പോള്‍ വില വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്നും വ്യാപാരികള്‍ പറയുന്നു.
വന്‍ തോതിലുള്ള വില വര്‍ധനവിനെ തുടര്‍ന്ന് മില്ലുകളില്‍ അഞ്ചുപേര്‍ വെളിച്ചെണ്ണ വാങ്ങാന്‍ വന്നാല്‍ വില ചോദിച്ചിട്ട് രണ്ടുപേരെങ്കിലും തിരിച്ചു പോകുന്ന അവസ്‌ഥയാണെന്നും ഉടമകള്‍ പറയുന്നു. എന്നും വില വര്‍ധിപ്പിക്കുകയാണെന്ന പരിഭവം പറഞ്ഞാണ് ആവശ്യക്കാര്‍ മടങ്ങുന്നതെന്നും കൊപ്രയുടെ ബില്ല് കാണിച്ചും കൊപ്ര കാണിച്ചുകൊടുത്തും ആശ്വസിപ്പിക്കേണ്ട സ്‌ഥിതിയാണെന്നും മില്ല് ഉടമകള്‍ പറയുന്നു. ചില ഘട്ടങ്ങളില്‍ ശരാശരി രണ്ട് ശതമാനം പോലും ലാഭം ഇല്ലാതെയാണ് മില്ലുടമ കച്ചവടം ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.