
മലപ്പുറം: നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് വേണ്ടി വോട്ട് തേടാൻ രംഗത്ത് ഇറങ്ങി മുസ്‌ലിം ലീഗിന്റെ വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന, നടൻ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ സ്വരാജിനെതിരെ പ്രസംഗിക്കുകയും യു.ഡി.എഫ് സ്ഥാനാർഥി ബാബുവിനായി സജീവമായി രംഗത്തിറങ്ങിയയാളാണ് ചലച്ചിത്ര നടൻകൂടിയായ ഇബ്രാഹിംകുട്ടി. ഇത്തവണ കളംമാറ്റി ചവിട്ടി നിലമ്പൂരിലെ എല്‍.ഡി.എഫ് പ്രചാരണ പരിപാടികളില്‍ സജീവമാകുകയാണ് ഇബ്രാഹിംകുട്ടി.
സ്വരാജിനെ പോലെ ഒരാളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അന്ന് സ്വരാജിനെ തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങിയ മണ്ടത്തരത്തിന്റെ പ്രായശ്ചിത്തമാണ് നിലമ്പൂരിലെത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.എമ്മിനെ കുറിച്ച് കൂടുതല്‍ പഠിച്ചുവെന്നും ഇനി സജീവമായി എല്‍.ഡി.എഫിനൊപ്പം ഉണ്ടാകുമെന്നും അംഗത്വം തന്നാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വരാജിനൊപ്പം നില്‍ക്കുന്നുവെന്ന് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റുമിട്ടിരുന്നു ഇബ്രാഹിംകുട്ടി. ഇന്നത്തെ ഇന്ത്യയില്‍ എം സ്വരാജിനോളം പോന്ന ഒരു ജനാധിപത്യവാദിയുടെ തലയെടുപ്പ് കണ്ടില്ലെന്നു നടിച്ചാല്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും നമുക്ക് മുന്നില്‍ ഈ കാലം സ്വരാജിനെയാണ് കൊണ്ടുനിർത്തിയിരിക്കുന്നതെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
ഇബ്രാഹിംകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
“പത്തും മുപ്പതും വർഷം വരെ ഒരു പാർടിയില്‍ പ്രവർത്തിക്കുകയും, അവിടെ നിന്നുകൊണ്ട് എംഎല്‍എയും മന്ത്രിയും ഒക്കെ ആവുകയും ചെയ്യുന്നവർ, കാലങ്ങള്‍ക്ക് ശേഷം നില്‍ക്കുന്നിടം ശരിയല്ല പുതിയ ഇടം തേടണം എന്ന് ചിന്തിച്ച്, പുതിയ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലേക്ക് നിന്ന് നില്‍പ്പില്‍ മറുകണ്ടം ചാടുകയും കാലു മാറുകയും ചെയ്യുമ്ബോള്‍, അത് ചർച്ച പോലും ആകാത്ത ഈ കാലത്ത്, ഒരു പാർടിയിലും മെമ്ബർഷിപ്പ് ഇല്ലാത്ത ഒരു സാധാരണ വോട്ടർ, അയാള്‍ക്ക് കൊള്ളാമെന്നു തോന്നുന്ന നിലപാടുകളെ പിന്തുണച്ചാല്‍ അത് മഹാപാതകമാകുന്നതെങ്ങനെ..?
ഇപ്പോള്‍ ഇതെന്തിന് പറയുന്നു എന്ന് ചിന്തിക്കുന്നുണ്ടാകും. ഒരുകാരണമുണ്ട്. നാട് ചിലപ്പോള്‍ ആവശ്യപ്പെടുന്ന ചിലനേതാക്കളുണ്ട്. ജനാധിപത്യത്തില്‍ അനിവാര്യമായ സമയങ്ങളില്‍ കാലം അവരെ നമുക്ക് മുന്നില്‍ കൊണ്ട് വന്ന് നിർത്തും. ഇന്നത്തെ ഇന്ത്യയില്‍ എം സ്വരാജിനോളം പോന്ന ഒരു ജനാധിപത്യവാദിയുടെ തലയെടുപ്പ് കണ്ടില്ലെന്നു നടിച്ചാല്‍ പിന്നീട് ദുഖിക്കേണ്ടി വരും.
നമുക്ക് മുന്നില്‍ ഈ കാലം സ്വരാജിനെയാണ് കൊണ്ടുനിർത്തിയിരിക്കുന്നത്. നിലമ്ബൂരില്‍ എനിക്ക് വോട്ടില്ല. പക്ഷേ നിലമ്ബൂർ കേരളത്തോടാകെ ആവശ്യപ്പെടുന്നത് സ്വരാജിനൊപ്പം നില്‍ക്കാനാണ്. മനസ്സുകൊണ്ടെങ്കിലും ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ് അയാള്‍ക്കൊപ്പം നില്‍ക്കേണ്ടത്. അരക്ഷിതബോധം പടർന്ന് പന്തലിച്ച നാളുകളില്‍, രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ സ്വരാജിന്റെ വാക്കുകള്‍ ഒരിക്കലെങ്കിലും നിങ്ങള്‍ക്ക് കരുത്തായി പെയ്തിറങ്ങിയിട്ടുണ്ടാകാതിരിക്കില്ല.”