
കൊട്ടാരക്കര:ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പില്‍ നായ്ക്കളെ ഉപേക്ഷിക്കാനുള്ള ശ്രമത്തെ നാട്ടുകാർ കയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
ഒരുലോറി നിറയെ തെരുവുനായ്ക്കളുമായി എത്തിയവർ മേലില പഞ്ചായത്തിലെ മാക്കന്നൂർ കിണറ്റിൻകര ഭാഗത്ത് ഇവയെ ഉപേക്ഷിക്കാൻ ശ്രമിക്കവെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതും കയ്യോടെ പിടികൂടിയതും.
ഇതിനിടയില്‍ ഇടുങ്ങിയ റോഡില്‍ ലോറി മുന്നോട്ടു പോകാഞ്ഞതിനാല്‍ പെട്ടി ഓട്ടോയില്‍ കയറ്റി കുറെ നായ്ക്കളെ പറമ്ബില്‍ കൊണ്ടുവിട്ടു. ഇതോടെ നാട്ടുകാർ കൂട്ടംകൂടി പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. തുറന്നുവിട്ട നായ്ക്കളില്‍ കുറേ എണ്ണത്തിനെ ഓടിച്ചിട്ടുപിടിച്ച് ലോറിയില്‍ കയറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃഗസ്നേഹികളെന്ന് പരിചയപ്പെടുത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചുപേരാണ് നായ്ക്കളുമായി എത്തിയത്. എറണാകുളം തൃപ്പൂണിത്തുറയില്‍ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒഴിപ്പിച്ച നായ്ക്കളെയാണ് മൂടിക്കെട്ടിയ ലോറിയില്‍ മേലിലയില്‍ എത്തിക്കുകയായിരുന്നു.
സുരക്ഷിത ഇടം നല്‍കാമെന്ന പ്രദേശവാസിയായ സ്ത്രീയുടെ വാക്കാണ് ഇവരെ ഇവിടെ എത്തിച്ചതെന്ന് പോലീസ് പറയുന്നു. കേസില്‍പ്പെട്ടു കിടക്കുന്ന പതിമ്മൂന്നേക്കറോളം സ്ഥലത്ത് ഇവയെ തുറന്നുവിടുകയായിരുന്നു ലക്ഷ്യം.
സംഘം കോന്നിയിലേക്ക് നായ്ക്കളെ കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഗൂഗിള്‍മാപ്പ് വഴിതെറ്റിച്ചുവെന്നാണ് ഇവർ പറഞ്ഞത്.
കഴിഞ്ഞമാസമാണ് പേവിഷബാധയേറ്റ് സമീപപ്രദേശത്ത് ഏഴുവയസ്സുകാരി മരണപ്പെട്ടത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുമ്ബോഴാണ് ലോറി നിറയെ നായ്ക്കളുമായി സംഘം എത്തിയത്. നായ്ക്കളെ ഇവിടെ ഉപേക്ഷിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു.
മണിക്കൂറുകള്‍ നീണ്ട തർക്കങ്ങള്‍ക്കൊടുവില്‍ ലോറിയോടെ നായ്ക്കളെയും ഒപ്പമുണ്ടായിരുന്നവരെയും പോലീസ് തിരികെ പറഞ്ഞയച്ചു. സംഭവത്തില്‍ ആരുടെപേരിലും കേസെടുത്തില്ല.