
ഡൽഹി : ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ക്ക് തട്ടിപ്പ് കേസിൽ 7വർഷം തടവ്. ഗാന്ധിജിയുടെ പേരക്കുട്ടിയായ ഇള ഗാന്ധിയുടെ മകൾ ആഷിഷ് ലത റാംഗോബിനാണ് 7വർഷം തടവ് ശിക്ഷ വിധിച്ചത്.
ബാങ്കിൻ്റെ വ്യാജരേഖകള്‍ ചമച്ച് മൂന്നേകാല്‍ കോടിയുടെ തട്ടിപ്പ് നടത്തിയ കേസാണ് ആഷിഷ് ലത റാംഗോബിൻ്റെ (Ashish Lata Ramgobin ) പേരിലുള്ളത്. ഇന്ത്യന്‍ വംശജനായ വ്യവസായിയെ വഞ്ചിച്ചതിനാണ് ദക്ഷിണാഫ്രിക്കന്‍ കോടതി ഏഴുവര്‍ഷം തടവ് വിധിച്ചത്. നേരത്തെ ഇവര്‍ക്ക് 50,000 ദക്ഷിണാഫ്രിക്കൻ റാൻ്റിൻ്റെ (ഏകദേശം രണ്ടരലക്ഷം രൂപ) താല്‍ക്കാലിക ജാമ്യം നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയും ഗാന്ധിജിയുടെ കൊച്ചു മകളുമായ ഇള ഗാന്ധിയുടെ മകളാണ് 56കാരിയായ ആഷിഷ് ലത.
ഇന്ത്യയില്‍ നിന്ന് ലിനന്‍ തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായാണ് 2015ല്‍ വ്യവസായിയായ എസ്‌ആര്‍ മഹാരാജില്‍ നിന്ന് ഏകദേശം 3.22 കോടിക്ക് തുല്യമായ ദക്ഷിണാഫ്രിക്കൻ റാന്റ് (Rand) വാങ്ങിയത്. തുണിത്തരങ്ങള്‍ വിറ്റ് കിട്ടുന്നതിലെ ലാഭം പങ്കുവെക്കാം എന്നായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന ധാരണ. ഒരു സ്വകാര്യ ആശുപത്രിയ്ക്കു വേണ്ടിയാണ് തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് എന്നായിരുന്നു ആഷിഷ് ലത വ്യവസായിയെ വിശ്വസിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറക്കുമതി കഥ ആഷിഷ് ലത വ്യാജമായി നിര്‍മ്മിച്ചത് ആണെന്നും അത്തരമൊരു ഇറക്കുമതിയേ ഉണ്ടായിട്ടില്ലെന്നും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. മനുഷ്യാവകാശ – പരിസ്ഥിതി പ്രവര്‍ത്തകയാണെന്ന് അവകാശപ്പെട്ടാണ് സമൂഹത്തിലെ ഉന്നതരുമായി ഇവർ ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നത്. പാർട്ടിസിപ്പേറ്റിവ് ഡെവലപ്മെൻ്റ് ഇനീഷ്യേറ്റീവ് (Participative Development Initiative) എന്ന പേരില്‍ ഇവർ തന്നെ സ്ഥാപിച്ച സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ലത പ്രവർത്തിച്ചിരുന്നു.
തുണി ഇറക്കുമതിക്കെന്ന പേരില്‍ വ്യാജ ഇന്‍വോയ്‌സുകളും ഇ-മെയിലും തട്ടിക്കൂട്ടിയതാണെന്ന് നാഷണല്‍ പ്രോസിക്യൂഷന്‍ അതോറിറ്റി കണ്ടെത്തിയതിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കുന്നതും വിലക്കിക്കൊണ്ടാണ് ഡര്‍ബന്‍ സ്‌പെഷ്യലൈസ്ഡ് കൊമേഴ്സ്യല്‍ ക്രൈം കോടതി (Durban Specialised Commercial Crime Court) ഇവരെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്. കുറ്റക്കാരിയെന്ന് കണ്ടെത്തി 2015ല്‍ അനുവദിച്ച ജാമ്യം റദ്ദാക്കി കൊണ്ടാണ് ഇപ്പോള്‍ കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.