
മലപ്പുറം: നിലമ്പൂരില്‍ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചത് വിവാദമാക്കി യുഡിഎഫ്. പൊലീസ് നടപടി ഏകപക്ഷീയമെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് പ്രതികരിച്ചു. പരിശോധനയിൽ പരാതിയില്ല. പരിശോധനയ്ക്ക് പിന്നിലെ ഉദ്ദേശ്യമാണ് ചോദ്യം ചെയ്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അപമാനിക്കപ്പെട്ടത് കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥരോട് തട്ടി കയറിയത്. പെട്ടിയെടുത്ത് പുറത്ത് വയ്പ്പിച്ച ശേഷം തുറന്ന് പരിശോധിക്കാതെ വന്നപ്പോഴാണ് ചോദ്യം ചെയ്തതെന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരുന്നു ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം പൊലീസ് പരിശോധിച്ചത്. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു. പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അപമാനിച്ചു എന്നാണ് ഷാഫിയും രാഹുലും പറയുന്നത്. പെട്ടിയെടുത്ത് പുറത്ത് വയ്പ്പിച്ച ശേഷം അത് തുറന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായില്ല. തങ്ങളുടെ നിർബന്ധ പ്രകാരമാണ് പെട്ടി തുറന്നത്. സർവീസിനുള്ള പാരിതോഷികം എന്ന് ഉദേശിച്ചത് ജനങ്ങൾ പാരിതോഷികം നൽകും എന്നാണെന്നും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പരാതി നൽകാനില്ലെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.