കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച കേസ്; പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടന്നത് 9 വർഷം; വീട് വാടകക്കെടുത്ത് താമസം;പ്രതിയെ പോലീസ് തന്ത്രപരമായി കുടുക്കി

Spread the love

കാഞ്ഞിരപ്പള്ളി: യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കർണാടക വിരാജ്പേട്ട ശ്രീമംഗലം ആനന്ദ് സാജനെ (വിക്രം – 36) 9 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. 2013ൽ മുണ്ടക്കയം പറത്താനം മാരൂർ ടോം ജോസഫിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആനന്ദ്. വയനാട് തിരുനെല്ലി കാട്ടിക്കുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ വാടകയ്ക്കു താമസിച്ച് ബാവലി മേഖലയിൽ കെട്ടിടനിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട ടോമിന്റെ സുഹൃത്തും ശാരീരിക വെല്ലുവിളി നേരിടുന്നയാളുമായ എരുമേലി ചരള ആമ്പശേരി ദീപു ചന്ദ്രനും ദീപുവിന്റെ സുഹൃത്തായിരുന്ന ആനന്ദും ചേർന്ന് ഒരു പവന്റെ സ്വർണമാലയ്ക്കായി ടോമിനെ കൊലപ്പെടുത്തിയെന്നാണു കേസ്. കേസിന്റെ വിചാരണ കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ നടന്നുവരികയാണ്. അരയ്ക്കു താഴോട്ടു പൂർണമായും തളർന്ന ദീപു നിലവിൽ കൊല്ലത്തെ ഒരു സ്ഥാപനത്തിലെ അന്തേവാസിയാണ്.

2013ൽ നടന്ന സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: 2010ൽ ദീപു മുണ്ടക്കയത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണു കന്റീൻ ജീവനക്കാരനായ ടോമിനെ പരിചയപ്പെട്ടത്. ഇരുകാലുകളും തളർന്ന ദീപുവിനെപ്പറ്റി ഒരു ചാനൽ വാർത്ത കൊടുത്തിരുന്നു. തുടർന്നു ലഭിച്ച പണം ഉപയോഗിച്ചു കാർ വാങ്ങി പുനർനിർമിച്ച് ദീപു ലോട്ടറിക്കച്ചവടം തുടങ്ങി. നഷ്ടത്തിലായതോടെ കൂർഗിൽ ജോലിക്കു പോയി. അവിടെവച്ച് ആനന്ദിനെ പരിചയപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളിയിൽ ബന്ധുവിന്റെ കടയിൽ ജോലി ചെയ്യുകയായിരുന്ന ടോമിനെ ദീപുവിന്റെ കാറിൽ കയറ്റിക്കൊണ്ടുപോയി വിഷം കലർത്തിയ ഭക്ഷണം നൽകി. പിന്നീടു ബോധരഹിതനായി കിടന്ന ടോമിനെ ഡിണ്ടിഗലിനു സമീപം കുറ്റിക്കാട്ടിലെത്തിച്ചു കത്തിച്ചെന്നാണു കേസ്. എസ്എച്ച്ഒ ശ്യാംകുമാറിന്റെ നിർദേശപ്രകാരം എസ്ഐ കെ.എ.നജീബ്, സിപിഒ വിമൽ ബി.നായർ എന്നിവർ കേരള – കർണാടക അതിർത്തിയിൽ ഒരാഴ്ചയോളം വേഷംമാറി താമസിച്ചാണ് ആനന്ദിനെ പിടികൂടിയത്.