ഉദ്യോഗസ്ഥക്ഷാമം മൂലം കടുത്തുരുത്തി പഞ്ചായത്ത് ഭരണം സ്തംഭനത്തിലേക്ക് : പഞ്ചായത്ത് സെക്രട്ടറി രണ്ടുമാസ കാലമായി അവധിയിലാണ്.

Spread the love

കടുത്തുരുത്തി: ഉദ്യോഗസ്ഥക്ഷാമം മൂലം കടുത്തുരുത്തി പഞ്ചായത്ത് ഭരണം സ്തംഭനത്തിലേക്ക്. വ്യക്തിപരമായ ആവശ്യങ്ങളെത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി രണ്ടുമാസ കാലമായി അവധിയിലാണ്.
സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സെക്രട്ടറിയും മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചതോടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ആരുമില്ലാത്ത സ്ഥിതിയാണ്. ആകെയുള്ള നാലു സീനിയര്‍ ക്ലര്‍ക്കുമാരില്‍ ഒരാള്‍ പെന്‍ഷനായതിനെത്തുടര്‍ന്ന് നവംബര്‍ മുതല്‍ ഇദേഹത്തിന്‍റെ കസേര ഒഴിഞ്ഞു കിടക്കുകയാണ്.

ബില്‍ഡിംഗ് സെക്‌ഷന്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന മറ്റൊരു സീനിയര്‍ ക്ലര്‍ക്ക് മൂന്നു മാസത്തേക്ക് ലീവില്‍ പ്രവേശിച്ചിരിക്കുകയാണ്. പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സീനിയര്‍ ക്ലര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലം മാറിപ്പോയിട്ട് ആഴ്ചകളായി. നിലവില്‍ ഒരു സീനിയര്‍ ക്ലര്‍ക്കും ജൂണിയര്‍ ക്ലര്‍ക്കുമാരുമാണ് പഞ്ചായത്ത് ഓഫീസിലുള്ളത്.

ഇത്തരത്തില്‍ ജീവനക്കാരുടെ കുറവുണ്ടായതോടെ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ലൈസന്‍സ് നല്‍കല്‍, പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പഞ്ചായത്തിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം പ്രതിസന്ധി നേരിടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ഡ് വിഭജനം, വോട്ടര്‍ പട്ടിക പുനഃക്രമീകരണം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, മറ്റു മീറ്റിംഗുകള്‍, പൊതു പരാതികളും അതിന്‍റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനുമുള്ള പ്രവൃ‍ത്തികള്‍, മാലിന്യസംസ്‌കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നിലവിലുള്ള ജീവനക്കാരെ ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ പഞ്ചായത്തിന്‍റെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ താറുമാറായ അവസ്ഥയിലാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് മാസങ്ങളായിട്ടും സര്‍ക്കാര്‍ തലത്തിലോ, ഉദ്യോഗസ്ഥ തലത്തിലോ പഞ്ചായത്ത് ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചോ, ജീവനക്കാരുടെ കുറവു പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ മെമ്ബര്‍മാരുടെ ആരോപണം.

ജനറല്‍ ട്രാന്‍സ്ഫര്‍ വൈകുന്നതിനാലാണ് ഒഴിവുകള്‍ നികത്താന്‍ പറ്റാത്തതെന്നാണ് ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ ഇതേക്കുറിച്ചു ചോദിക്കുമ്ബോള്‍ പറയുന്നത്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തെ തകര്‍ക്കാനുള്ള ഭരണകക്ഷി യൂണിയനുകളുടെ അനാവശ്യ ഇടപെടലുകളാണ് ഇപ്പോള്‍ ആവശ്യമായ ജീവനക്കാരില്ലാത്ത അവസ്ഥ തദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിക്കിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പ്രതിഷേധവുമായി ‍യുഡിഎഫ്

കടുത്തുരുത്തി: ജില്ലയിലെ ഏറ്റവും വലിയതും ജനസംഖ്യ കൂടുതലുള്ളതും നഗരസ്വഭാവമുള്ളതുമായ പഞ്ചായത്തുകളിലൊന്നാണ് കടുത്തുരുത്തി. പഞ്ചായത്തിലെ ഒരുവിഭാഗം ജീവനക്കാര്‍ രാപകലില്ലാതെ ജോലി ചെയ്തിട്ടും ഫയലുകള്‍ കുമിഞ്ഞുകൂടുകയാണ്.

പഞ്ചായത്തിലെ ഈ അവസ്ഥ നിലനില്‍ക്കുമ്ബോഴാണ് സര്‍ക്കാര്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവിലുള്ള ഐഎല്‍ജിഎംഎസ് സോഫ്റ്റ്‌വേര്‍ ഉപേക്ഷിച്ച്‌ പുതിയ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വേറിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

മതിയായ അടിസ്ഥാനസൗകര്യമില്ലാതെയാണ് പുതിയ സോഫ്റ്റ്‌വേര്‍ വിന്യസിച്ചതെന്ന് പരാതിയുണ്ട്. നിലവില്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടു നല്‍കാവുന്ന അപേക്ഷകള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ക്കു മുന്നില്‍ ക്യൂ നിന്ന് 50 രൂപ മുതല്‍ 200 രൂപ വരെ ഫീസ് നല്‍കേണ്ട അവസ്ഥയാണ് പൊതുജനങ്ങള്‍ക്കുള്ളത്.

ഇതിനെതിരേ പഞ്ചായത്ത് ഭരണസമിതി ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്രതിപക്ഷമായ യുഡിഎഫ് പൊതുജനങ്ങളെ സംഘടിപ്പിച്ച്‌ പഞ്ചായത്ത് ഓഫീസ് പടിക്കലും മറ്റു സര്‍ക്കാര്‍ ഓഫീസ് പടിക്കലും സമരവും ധര്‍ണയും നടത്തുമെന്ന് നേതാക്കളായ നോബി മുണ്ടയ്ക്കല്‍, സ്റ്റീഫന്‍ പാറാവേലി, ടോമി നിരപ്പേല്‍, ജയ്‌സണ്‍ കുര്യന്‍, ലൈസാമ്മ മാത്യു മുല്ലക്കര, സുനിതകുമാരി, സി.എന്‍. മനോഹരന്‍ എന്നിവര്‍ അറിയിച്ചു.