video
play-sharp-fill
ആയിരക്കണക്കിന് കാതങ്ങള്‍ അകലെ തനിക്ക് ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസള്‍ട്ട് അറിയാന്‍ ഉണര്‍ന്നിരിക്കുന്ന, ഫോണ്‍ ഒറ്റ റിങ്ങില്‍ എടുക്കുന്ന ആരോഗ്യ മന്ത്രി

ആയിരക്കണക്കിന് കാതങ്ങള്‍ അകലെ തനിക്ക് ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസള്‍ട്ട് അറിയാന്‍ ഉണര്‍ന്നിരിക്കുന്ന, ഫോണ്‍ ഒറ്റ റിങ്ങില്‍ എടുക്കുന്ന ആരോഗ്യ മന്ത്രി

സ്വന്തംലേഖകൻ

കൊച്ചി : നിപ വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആശങ്കയില്ലാതെ അതിനെ നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഒരു ജനതയുടെ ഭീതി അകറ്റുകയും രോഗം പകരാന്‍ ഇട വരാതെ കണ്ണിലെണ്ണയൊഴിച്ച് സേവനമനുഷ്ഠിച്ച സംഘത്തിന്റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുറിക്കുകയാണ് ഈ നിപ കാലത്ത് സേവനമനുഷ്ഠിച്ച എറണാകുളം മെഡിക്കല്‍ കോളജിലെ പീഡിയാട്രിക്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗണേശ് മോഹന്‍.

കുറിപ്പ് വായിക്കാം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ നമ്മുടെ എല്ലാ രാത്രികളിലെയും കാവല്‍ക്കാര്‍ ‘
ഇന്നലെ രാത്രി (07/06/2019 ) അല്‍പ്പം ആശങ്കപെട്ടു…
ഭീഷണി തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോള്‍ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ സര്‍വ്വ സജീകരണങ്ങളുമുള്ള ആംബുലന്‍സുകളില്‍ എത്തിച്ച മൂന്നു രോഗികള്‍ മൂര്‍ച്ഛിച്ച ‘നിപ’ രോഗമെന്ന സംശയത്തില്‍ ഒന്നിനു പുറകെ ഒന്നായി അഡ്മിറ്റായി..
ഒന്ന് പതറി,
ആശങ്ക പറഞ്ഞറിയിക്കാന്‍ പറ്റാത്ത പോലെ…
വിവരം ഡല്‍ഹിയില്‍ ഉള്ള ടീച്ചറോട് പറഞ്ഞു..
‘ടെന്‍ഷന്‍ വേണ്ട ഗണേഷ്.. എല്ലാം ശരിയാകും, നമ്മുടെ പുതിയ സംവിധാനത്തില്‍ ടെസ്റ്റ് ചെയ്യൂ. ‘
ഞാന്‍ വാച്ചില്‍ നോക്കി.
സമയം രാത്രി 9:30
പുണെ സംഘം ലാബ് പൂട്ടി വിശ്രമിക്കാന്‍ പോയിരുന്നു.
ഞാന്‍ അവരെ വിളിച്ചു
ഒരു മടിയും കൂടാതെ അവര്‍ തിരികെ വന്നു.
‘ഞങ്ങള്‍ ടെസ്റ്റ് ചെയ്യാം, പക്ഷെ തീരുമ്പോള്‍ നേരം വെളുക്കും..
സാര്‍ ഞങ്ങള്‍ക്കു ഭക്ഷണവും, തിരികെ പോകാന്‍ ഒരു വാഹനവും റെഡി ആക്കി തരുക ‘
ഈ കേന്ദ്രസംഘം എന്നൊക്കെ പറയുമ്പോള്‍ എന്റെ കുട്ടിക്കാലത്തു ആലപ്പുഴയിലെ ജൂണ്‍ മാസത്തിലെ പ്രളയം പഠിക്കാന്‍ സെപ്റ്റംബര്‍ മാസത്തില്‍ വരുന്ന സംഘങ്ങളായിരുന്നു മനസ്സില്‍.
പക്ഷെ ഇത് ഡോക്ടര്‍ റീമ സഹായിയുടെ നേതൃത്വത്തില്‍ മൂന്ന് മിടുമിടുക്കികള്‍.
നിപയുടെ ‘വാപ്പാ’ വൈറസുകളെ കൊണ്ട് അമ്മാനം ആടുന്നവര്‍….
‘കണ്‍സിഡര്‍ ഇറ്റ് ടണ്‍ ‘ ഞാന്‍ പറഞ്ഞു..
Dr മനോജ് ഞൊടിയിടയില്‍ അവര്‍ക്ക് കേക്കും, ജൂസും സംഘടിപ്പിച്ചു കൊണ്ടോടി വന്നു.
രോഗികളുടെ സാമ്പിളുകള്‍ അവധാനതയോടെ എടുത്ത് എന്റെ കുഞ്ഞനിയന്‍ (എന്റെ സഹപാഠിയുടെ അനുജന്‍ ) Dr നിഖിലേഷ് ലാബില്‍ എത്തിക്കുമ്പോള്‍ സമയം 12 കഴിഞ്ഞിരുന്നു.
നാലഞ്ചു ദിവസത്തെ ക്ഷീണം കാരണം ഞാന്‍ മെല്ലെ മയങ്ങി വീണു…
വെളുപ്പിന് 3:30 ആയപ്പോള്‍ എന്റെ ഫോണിന്റെ ബസ്സര്‍ കേട്ടു ഞെട്ടി ഉണര്‍ന്നു..
‘ Dr റീമ ഹിയര്‍, ഓള്‍ യുവര്‍ സാംപ്ള്‍സ് ആര്‍ നെഗറ്റീവ് ‘
ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു,
ആശ്വാസ ചിരി…
ടീച്ചറോട് പറയണം…
ഈ സമയം പറയണോ അതോ നേരം പുലരുന്ന വരെ കാക്കണോ??
വിളിച്ചു നോക്കാം.
അങ്ങനെ രാത്രി 3:40 റിസള്‍ട്ട് പറയാന്‍ ഞാന്‍ ടീച്ചറെ വിളിച്ചൂ…
ഒറ്റ റിംഗ് തീരും മുന്‍പേ ടീച്ചര്‍ ഫോണ്‍ എടുത്തൂ..
‘ഗണേഷ് പറയൂ, റിസള്‍ട്ട് നോര്‍മല്‍ അല്ലേ? ‘
‘ അതേ ടീച്ചര്‍ ‘
‘ഇനി നീ ഉറങ്ങിക്കോളൂ, അവനവന്റെ ആരോഗ്യം നോക്കണെ ‘
‘ശരി ടീച്ചര്‍… ഗുഡ് നൈറ്റ് ‘
ഞാന്‍ ഫോണ്‍ വെച്ചു…
ആയിരക്കണക്കിന് കാതങ്ങള്‍ അകലെ, തനിക്ക് ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസള്‍ട്ട് അറിയാന്‍ ഉണര്‍ന്നിരിക്കുന്ന,
ഫോണ്‍ ഒറ്റ റിങ്ങില്‍ എടുക്കുന്ന ആരോഗ്യ മന്ത്രി..
അത്താഴം കഴിക്കാതെ അന്യനാട്ടില്‍ നട്ടപ്പാതിരായ്ക്ക് നിപ വൈറസിനെ പരതുന്ന മൂന്ന് ധൈര്യശാലി പെണ്ണുങ്ങള്‍.
കോഴിക്കോട് നിന്നും വന്ന് ഒരാഴ്ച്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്തു രോഗികള്‍ക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപ്പെടുത്താന്‍ ഇവിടെ ക്യാമ്പ് ചെയുന്ന Dr ചാന്ദ്നി….
ഇവരൊക്കെയാണു മരണ താണ്ഡവങ്ങളില്‍ നിന്ന് ഈ നാടിനെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്നത്…
(പിന്നെ ഈ യുദ്ധത്തില്‍ നമ്മെ വിജയിപ്പിക്കാന്‍ അക്ഷീണ പരിശ്രമം ചെയുന്ന… പുണെയില്‍ നിന്നും കൊണ്ട് വന്ന ‘നിപ ടെസ്റ്റ് ‘ മെഷീന്‍…
ഈ യുദ്ധം മഹാ മരണത്തിനെതിരെ മനുഷ്യനും യന്ത്രങ്ങളും ചേര്‍ന്ന് ഒരുക്കുന്ന വിശാല സഖ്യമാണ് ‘ )