2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് കൃഷിമന്ത്രി
സ്വന്തംലേഖകൻ
കോട്ടയം : സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. കർഷകരുടെ വായ്പകളെല്ലാം കാർഷിക വായ്പയായി കരുതുമെന്നും കർഷകരുടെ 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും കൃഷിമന്ത്രി വി.എസ് സുനിൽകുമാർ സഭയിൽ അറിയിച്ചു. ഇതേ തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന ഗൗരവകരമാണെന്നും 5 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പ്രഖ്യാപിച്ച കാർഷിക പാക്കേജുകൾ നടപ്പാക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പോലും സർക്കാർ ആരംഭിച്ചിട്ടില്ല. സർക്കാർ ഇന്ന് പുറത്തിറക്കുന്ന പ്രോഗ്രസ് കാർഡ് ജനങ്ങളെ അപഹാസ്യരാക്കുന്നതാണ്. ജനങ്ങൾ ഇതിന് കടലാസിന്റെ വില പോലും നൽകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.