play-sharp-fill
സ്‌കൂൾ തുറപ്പിന് മുഖ്യമന്ത്രി പറഞ്ഞത് സത്യം..! സിപ്പ് അപ്പ് വിൽക്കാൻ സ്‌കൂളിന്റെ പടിയിലെത്തും: കഞ്ചാവ് പൊതികളിലാക്കി കുട്ടികൾക്ക് നൽകും; സ്വാമിനാഥന്റെ കെണിയിൽ കുടുങ്ങിയത് നൂറുകണക്കിന് കുരുന്നുകൾ

സ്‌കൂൾ തുറപ്പിന് മുഖ്യമന്ത്രി പറഞ്ഞത് സത്യം..! സിപ്പ് അപ്പ് വിൽക്കാൻ സ്‌കൂളിന്റെ പടിയിലെത്തും: കഞ്ചാവ് പൊതികളിലാക്കി കുട്ടികൾക്ക് നൽകും; സ്വാമിനാഥന്റെ കെണിയിൽ കുടുങ്ങിയത് നൂറുകണക്കിന് കുരുന്നുകൾ

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തെ വിഴുങ്ങാനെത്തിയ വൻ മാഫിയയായി ലഹരി മാഫിയ വളരുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സത്യമാകുന്നു. കേരളത്തിലെ സ്‌കൂളുകളുടെ പടിവാതിലിൽ സാമൂഹ്യ വിരുദ്ധ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ആലുവയിലെ സ്‌കൂളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തെ പൊലീസ് പിടികൂടിയത്. ആലുവ – കരുമാലൂർ, മറിയപ്പടി കരയിൽ, വലിയപറമ്പിൽ വീട്ടിൽ, ആനമയക്കി എന്ന് വിളിക്കുന്ന സ്വാമിനാഥ (36) നെയാണ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. മിഠായി കടലാസ്സിൽ പൊതിഞ്ഞ നിലയിൽ 45 പൊതികളിലായി 120 ഗ്രാമോളം കഞ്ചാവ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.


സ്‌കൂൾ പരിസരങ്ങളിൽ സിപ് അപ്, ഐസ് മിഠായി എന്നിവ വിൽക്കാനെ വ്യാജേനേ ഇയാൾ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്ത് വരികയായിരുന്നു. പുതിയ അദ്ധ്യാന വർഷം ആരംഭിച്ചത് മുതൽ സ്‌കൂൾ പരിസരങ്ങളിൽ ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് തന്നെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. 50 രൂപ മുതൽ 200 രൂപ വരെയുള്ള മിഠായി രൂപത്തിലുള്ള ചെറിയ പൊതികളായാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പണം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് കടമായും ഇയാൾ കഞ്ചാവ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത തവണ കഞ്ചാവ് നൽകണമെങ്കിൽ മുൻപ് വാങ്ങിയ കഞ്ചാവിന്റെ പണം നൽകണം ഇതായിരുന്നു വിദ്യാർത്ഥികൾക്കിടയിൽ ഇയാൾ നൽകിയിരുന്ന വ്യവസ്ഥ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഇതിന് മുൻപ് ആനപ്പാപ്പാന്റെ തൊഴിലാണ് സ്വീകരിച്ചിരുന്നത്. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഈ തൊഴിൽ ഉപേക്ഷിച്ച് കഞ്ചാവ് വിൽപ്പനയിലേയ്ക്ക് തിരിയുകയായിരുന്നു. കഞ്ചാവ് വിൽപ്പന തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമാണ്.

തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് 3000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി കൊണ്ട് വന്ന് ഇവിടെ മിഠായി രൂപത്തിലാക്കി 10000 രൂപയ്ക്ക് വിൽപ്പന നടത്തുമെന്നും, സൂക്ഷിക്കുന്നതിനുള്ള എളുപ്പത്തിന് വേണ്ടിയാണ് കുറഞ്ഞ അളവിൽ കഞ്ചാവ് വാങ്ങി കൊണ്ട് വരുന്നതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി എക്സൈസ് അധികൃതർ അറിയിച്ചു. ആലുവ കാസിനോ തീയറ്ററിനടുത്ത് ആവശ്യക്കാരെ കാത്ത് നിൽക്കുകയായിരുന്ന ഇയാൾ എക്സൈസ് ഷാഡോ സംഘത്തെ കണ്ട് കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ കടന്ന് കളയാൻ ശ്രമിച്ചെങ്കിലും ഷാഡോ സംഘം ഇയാളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിച്ച വിദ്യാർത്ഥികളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പ്രവർത്തിച്ച് വരുന്ന എക്സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികിൽസാ കേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, ആലുവയിലെ സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ തുടർന്നും നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൾ കരീം, ഷാഡോ ടീമംഗങ്ങളായ എൻ.ഡി.ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജെ. അഭിലാഷ് , വിജു എന്നിവരും ചേർന്നാണ് പ്രതിയെ കസ്റ്റസിയിലെടുത്തത്.