വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ ദുരിതം വർധിച്ചു: ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷം: ഒച്ചും കൊതുകും ആളുകളുടെ സ്വൈര്യ ജീവിതത്തിനു ഭീഷണി.

Spread the love

കോട്ടയം: കഴിഞ്ഞ ആഴ്‌ച കുതിച്ചെത്തിയ വെള്ളം, ഈ ആഴ്‌ച ഇഴജന്തുക്കള്‍… വെളളം കയറിയിറങ്ങിയ സ്‌ഥലങ്ങളിലെല്ലാം ദുരിതക്കഥകള്‍ മാത്രം.
പാമ്പും, ഉടുമ്പും അട്ടയും, കൊതുകും ഒച്ചുമൊക്കെയാണ്‌ ആളുകളുടെ സ്വൈര്യ ജീവിതത്തിനു ഭീഷണിയായിരിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ മാലിന്യത്തിനൊപ്പമാണ്‌ ഇഴജന്തുക്കളുടെ ഭീഷണി.

മലവെള്ളത്തിനൊപ്പം പലയിടങ്ങളിലും പെരുമ്പാമ്പ് ഉള്‍പ്പെടെ എത്തിയിട്ടുണ്ട്‌. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലാണ്‌ അട്ടയുടെയും ഒച്ചിന്റെയും സാന്നിധ്യം. താഴത്തങ്ങാടി, കുമ്മനം മേഖലകളിലാണ്‌ ഇവയെ കൂടുതലായി കണ്ടെത്തിയത്‌. മറിഞ്ഞു കിടക്കുന്ന മരങ്ങളുടെ തൊലിക്കുള്ളിലും മേൽക്കൂരയിലുമാണ്‌ അട്ടയുടെ സാന്നിധ്യമെങ്കില്‍ കെട്ടിടങ്ങളുടെ ഭിത്തികളിലും

മതിലുകളിലുമാണ്‌ ഒച്ചിന്റെ സാന്നിധ്യം കൂടുതലായി കാണുന്നത്‌.
ഒച്ചുകള്‍ പച്ചക്കറികളിലും ഭക്ഷണ പദാര്‍ഥങ്ങളിലും കയറുന്നതു ദുരിതമാകുന്നു. വീടുകളില്‍ നട്ടിരിക്കുന്ന പച്ചക്കറികളുടെ കൂമ്ബും പൂവും ഒച്ച്‌ തിന്നുന്നുണ്ട്‌. കറുത്ത അട്ടകളാകട്ടെ രൂക്ഷമായ ഗന്ധമാണുണ്ടാക്കുന്നത്‌. പാമ്ബുകളില്‍ വിഷമുള്ളവയേയും അല്ലാത്തവയേയും തിരിച്ചറിയാനും പാടാണെന്നു പടിഞ്ഞാറന്‍ നിവാസികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അട്ടകള്‍ പൊതുവേ ഉപദ്രവകാരികളല്ലെങ്കിലും ഭക്ഷണപദാര്‍ഥങ്ങളിലുള്‍പ്പെടെ ഇവ വീഴുമോയെന്ന ആശങ്കയാണുള്ളത്‌. ഇവയെ നശിപ്പിക്കണമെങ്കില്‍ കീടനാശിനി ഉപയോഗിക്കേണ്ടി വരും. ഒച്ചുകളുടെ ദേഹത്തു നിന്നു വരുന്ന വഴുവഴുപ്പുള്ള ദ്രാവകം വിഷമുള്ളതല്ല. എന്നാല്‍, ഇവയില്‍ വസിക്കുന്ന ഒരുതരം വിരകള്‍ അസുഖങ്ങള്‍ക്കു കാരണമായേക്കാവുന്നതാണ്‌. ഉപ്പ്‌ വിതറുകയാണ്‌ ഒച്ചുകളില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗം. ഞീഴൂര്‍ ഉള്‍പ്പെടെ ഭാഗങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷം. മഠത്തിപ്പറമ്പ്

നീരാളക്കോട്‌ പ്രദേശത്ത്‌ ഒച്ച്‌ ശല്യം രൂക്ഷമായിരിക്കുകയാണ്‌. റോഡരികിലും വീടുകളുടെ മതിലുകളിലും നൂറു കണക്കിന്‌ ഒച്ചുകളാണ്‌ പറ്റിപ്പിടിച്ചിരിക്കുന്നത്‌. മുറ്റത്തും കിണറുകളുടെ മതിലുകളിലും ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യമുണ്ട്‌. ഇതുവരെ പഞ്ചായത്തും കൃഷിവകുപ്പും ആരോഗ്യവകുപ്പും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്ന്‌ നാട്ടുകാര്‍ പരാതിപ്പെടുന്നു.

ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കാന്‍ പ്രദേശവാസികള്‍ ഉപ്പ്‌ വിതറല്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ല. ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത്‌ അര കിലോമീറ്റര്‍ ചുറ്റളവില്‍ തുരിശ്‌ സ്‌പ്രേ ചെയ്യണമെന്ന ആവശ്യവും ശക്‌തമാണ്‌. ആഫ്രിക്കന്‍ ഒച്ച്‌ പെരുകുന്നതു കൃഷിക്കും ആരോഗ്യത്തിനും വെല്ലുവിളിയായിട്ടുണ്ട്‌. കുട്ടികളില്‍ മസ്‌തിഷ്‌ക ജ്വരത്തിന്‌ ഇവ കാരണമായേക്കും. ഇവയെ തുരത്താന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌.

വെള്ളമിറങ്ങിയ നിരവധി സ്ഥങ്ങളിൽ കൊതുക് ശല്യം രൂഷമാണ്. ഇതിന് മരുന്നടി അടക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. എന്നാൽ തദ്ദേശസ്ഥാപനങ്ങൾ ഈ കാര്യങ്ങളിൽ ഇടപെടുന്നില്ല.