അടിമാലിയിൽ ക്യാൻസർ രോഗിയായ വീട്ടമ്മയുടെ വായിൽ തുണി തിരുകി കട്ടിലിൽ കെട്ടിയിട്ട ശേഷം 16,500 രൂപ കവർന്നു; ആക്രമണം കീമോയ്ക്കുശേഷം ക്ഷീണിതയായി കഴിയവേ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

അടിമാലി: കാൻസർ രോഗിയായ വീട്ടമ്മയുടെ വായിൽ തുണി തിരുകി കട്ടിലിൽ കെട്ടിയിട്ട ശേഷം 16,500 രൂപ തട്ടിയെടുത്തു.

അടിമാലി എസ്എൻ പടിയിൽ വാടകവീട്ടിൽ താമസിക്കുന്ന കളരിക്കൽ ഉഷ സന്തോഷാണ് (47) മോഷണത്തിനും ആക്രമണത്തിനും ഇരയായത്. ഇവർക്ക് അടിമാലി കല്ലാറിൽ 10 സെന്റ് വീടും സ്ഥലവുമുണ്ടായിരുന്നു. ചികിത്സയ്ക്കായി ഇവ വിറ്റു.

3 മാസം മുൻപ് അടിമാലിയിൽ ജനകീയസമിതിയുണ്ടാക്കി ടൗണിൽ ഗാനമേള നടത്തിയും സുമനസ്സുകളുടെ സഹായത്തോടെയും 6 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഈ തുക എവിടെയാണെന്നു ചോദിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ഉഷ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസം മുൻപു നടത്തിയ കീമോതെറപ്പി ചികിത്സയെത്തുടർന്നു ക്ഷീണിതയായ ഉഷ കട്ടിലിൽ കിടക്കുകയായിരുന്നു. ഭർത്താവ് സന്തോഷ് (52) രാവിലെ മേസ്തിരി ജോലിക്കും മകൾ അതുല്യ (18) തൊടുപുഴയിൽ പഠനത്തിനുമായി പോയിരിക്കുകയായിരുന്നു.

ഉഷ ദേഹത്ത് ഇട്ടിരുന്ന തോർത്ത് മോഷ്ടാവ് വായിൽ തിരുകി. കട്ടിലിൽ നിന്ന് വലിച്ചു നിലത്തിട്ടശേഷം കട്ടിലിൽ കെട്ടിയിട്ടു. പഴ്സിൽ സൂക്ഷിച്ചിരുന്ന 16,500 രൂപയാണു മോഷ്ടാവ് കവർന്നത്. ഉഷയെ നോക്കാൻ ഇടയ്ക്കിടെ അയൽക്കാർ എത്താറുണ്ട്. അവരെത്തിയാണ് കെട്ടഴിച്ചു രക്ഷപ്പെടുത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.

രോഗത്തെക്കാൾ വലിയ വേദനയാണു മോഷണംമൂലം ഉണ്ടായത്. ക്രൂരമായാണ് അയാൾ പെരുമാറിയത്. കവർച്ചയ്ക്കു ശേഷം എന്തോ വസ്തു സ്പ്രേ ചെയ്തിട്ടാണു പോയത്.