കടലിന്‍റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നതായി ഗവേഷണ പഠനം: ഗൗരവമേറിയതെന്ന് ശാസ്ത്രജ്ഞരും വിദഗ്ധരും

Spread the love

ഡൽഹി: കടലിന്‍റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നതായി ഗവേഷണ പഠനം. ചെറിയ മാറ്റമല്ലിതെന്നും ഭൂമിയിലെ മൊത്തം കടലിന്‍റെ ഏതാണ്ട് 21 ശതമാനവും നിറമാറ്റം സംഭവിച്ചെന്നും ഗവേഷണ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നും ഇന്നലെയുമല്ല ഈ മാറ്റം തുടങ്ങിയതെന്നും ഏതാണ്ട് ഇരുപത് വര്‍ഷമായി കടലിന്‍റെ നിറം മാറിക്കൊണ്ടിരിക്കുകയാണെന്നും പഠനത്തില്‍ പുറയുന്നു. കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് ഇത്തരത്തില്‍ കടും നിറമായി മാറിയത്. പ്ലൈമൗത്ത് സര്‍വ്വകലാശാല, പ്ലൈമൗത്ത് മറൈന്‍ ലബോറട്ടറി എന്നീ സ്ഥാപനങ്ങളിലെ ഗവേഷര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഗ്ലോബല്‍ ചെയ്ഞ്ച് ബയോളജി എന്ന ജേർണലില്‍ പ്രസിദ്ധീകരിച്ചു.

സാറ്റലൈറ്റ് ഡാറ്റയും ഓഷ്യനിക് മോഡലുകളെയും അടിസ്ഥാനപ്പെടുത്തി 2003 മുതല്‍ 2022 വരെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. സമുദ്രതീരത്തെയും പുറം കടലിനെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമുദ്രത്തില്‍ പ്രകാശം കടന്ന് ചെല്ലുന്ന ഫോട്ടിക് സോണിലുണ്ടാകുന്ന മാറ്റമാണ് ഈ പ്രതിഭാസത്തിന് കാരണം. സമുദ്രത്തില്‍ സൂര്യപ്രകാശമെത്തുന്ന ഈ പ്രദേശങ്ങളിലാണ് സമുദ്രത്തിലെ 90 ശതമാനം മത്സ്യങ്ങളും ജീവിക്കുന്നത്. സമുദ്രത്തിലെ ഫോട്ടിക് സോണിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും മത്സ്യങ്ങള്‍ അടക്കമുള്ള സമുദ്ര ജീവികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാണ്ട് ആഫ്രിക്കയുടെ വലിപ്പും വരുന്ന സമുദ്രത്തിന്‍റെ 9 ശതമാനത്തോളം പ്രദേശത്ത് വെളിച്ചം 50 മീറ്ററില്‍ താഴേയ്ക്ക് പോകുന്നില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. അത് പോലെ തന്നെ 2.6 ശതമാനം സമുദ്ര പ്രദേശത്തും 100 മീറ്റര്‍ താഴേക്ക് പ്രകാശം സഞ്ചരിക്കുന്നില്ലെന്നും പഠനം പറയുന്നു. സമുദ്രാന്തര്‍ ഭാഗത്തേക്ക് സൂര്യപ്രകാശം കടന്ന് ചെല്ലാതിരുന്നാല്‍ അവിടെ ജീവികള്‍ക്ക് ജീവിക്കാന്‍ കഴിയാതെയാകും. പ്ലൈമൗത്ത് സര്‍വ്വകലാശാലയിലെ മറൈന്‍ കണ്‍സർവേഷന്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. തോമസ് ഡേവിസ്, പുതിയ പ്രവണത സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുമെന്നും ഇത് സമുദ്ര ജീവികളുടെ വംശനാശത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

സമുദ്രാന്തര്‍ഭാഗത്തേക്ക് സൂര്യപ്രകാശം കടന്ന് ചെല്ലാതാവുന്നതോടെ പ്രകാശസംശ്ലേഷണം (photosynthesis) നടക്കാതാകുകയും ഇത് മത്സ്യങ്ങള്‍ അടക്കമുള്ള സമുദ്ര ജീവികളുടെ ഭക്ഷ്യവ്യസ്ഥയെ തകിടം മറിക്കുകയും ചെയ്യും. നിലവില്‍ ഏതാണ്ട് 10 ശതമാനത്തോളം സമുദ്ര പ്രദേശവും വളരെ കുറച്ച്‌ വെളിച്ചം മാത്രമേ കടത്തിവിടുന്നൊള്ളൂ. ഭാവിയില്‍ ഇത് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച്‌ സമുദ്രം കൂടുതല്‍ നിറവ്യത്യാസം പ്രകടിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
വ്യവസായങ്ങളില്‍ നിന്നുള്ള രാസമൂല്യമുള്ള ജലവും കാർഷിക പ്രദേശങ്ങളിലെ പോഷകമൂല്യമുള്ള മണ്ണും അതിശക്തമായ മഴയൊടൊപ്പം കുത്തിയൊഴുകി കടലില്‍ പതിക്കുന്നത് മൂലം കടലില്‍ പ്ലവകങ്ങളുടെ (plankton) വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.

ഇത് സൂര്യപ്രകാശത്തെ കടലിന്‍റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നത് തടസപ്പെടുത്തുന്നു. അതുപോലെ തന്നെ കടലിലെ ആല്‍ഗകളുടെ വളർച്ചയും സമുദ്രോപരിതലത്തിലെ ചൂട് കൂടുന്നതും മറ്റ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സമുദ്രത്തിലെ ഈ വ്യതിയാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ചൂട് കൂടുന്നതിനും സമുദ്രത്തിലെ കാർബണ്‍ ആകിരണം കുറയുന്നതിനും കാലാവസ്ഥാ വ്യതിയാനം ശക്തമാക്കുന്നതിനും ഇത് കാരണമാകും. സമുദ്രജീവികളുടെ വംശനാശം തടയാനും സമുദ്രത്തെ സംരക്ഷിക്കാനും സമുദ്രത്തിലെ ഈ നിറവ്യത്യാസത്തെ നമ്മള്‍ വളരെ ഗൗരവത്തോടെ കാണണമെന്ന് പ്ലൈമൗത്ത് മറൈന്‍ ലബോറട്ടറിയിലെ പ്രൊഫ. ടിം സ്മിത്തും ചൂണ്ടിക്കാണിക്കുന്നു.