play-sharp-fill
പ്രധാനമന്ത്രിക്ക് ഫൈഫ്സ്റ്റാർ മെനുവില്ല,ഗസ്റ്റ് ഹൗസിൽ ഒരുക്കിയത് നാടൻ ഭക്ഷണം

പ്രധാനമന്ത്രിക്ക് ഫൈഫ്സ്റ്റാർ മെനുവില്ല,ഗസ്റ്റ് ഹൗസിൽ ഒരുക്കിയത് നാടൻ ഭക്ഷണം

സ്വന്തംലേഖിക

കൊച്ചി : ഗുരുവായൂരിൽ ദർശനം നടത്തുന്നതിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പ്രാതലിന് ഒരുക്കിയത് കേരളീയ ഭക്ഷണം. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിൾകറി തുടങ്ങിയ വിഭവങ്ങളാണ് ഇവിടെ തയ്യാറാക്കിയത്. വി.വി.ഐ.പി അതിഥിയായ പ്രധാനമന്ത്രിയ്ക്കൊപ്പം നാൽപ്പത് പേരാണുള്ളത്, ഇവർക്കെല്ലാമുള്ള സൗകര്യങ്ങളൊരുക്കുന്നത് ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ്. ഗുരുവായൂർ ദർശനത്തിനായി കഴിഞ്ഞ ദിവസം രാത്രിയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. രാത്രി ഭക്ഷണം ഒരുക്കണമെന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ലെങ്കിലും വെജിറ്റേറിയനായ പ്രധാനമന്ത്രിയ്ക്കായി ഫ്രൈഡ് റൈസ്,ചപ്പാത്തി,പരിപ്പ്കറി,അവിയൽ,സാമ്പാർ തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കി വച്ചിരുന്നു. അതേ സമയം പ്രധാനമന്ത്രിയുടെ ഭക്ഷണക്രമങ്ങളെ കുറിച്ച് പ്രത്യേകിച്ച് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. മുൻപ് കേരളത്തിലെത്തിയപ്പോഴെല്ലാംകേരളീയ ഭക്ഷണം അദ്ദേഹം ആസ്വദിച്ചിരുന്നതിനാലാണ് കൊച്ചിയിലും പ്രാതലിന് ദോശയും,പുട്ടുമടങ്ങിയ കേരളീയ വിഭവങ്ങൾ തയ്യാർ ചെയ്തത്.ആഢംബര ഹോട്ടലുകൾ ഒഴിവാക്കി സർക്കാർ അതിഥി മന്ദിരങ്ങളിൽ താമസിക്കുവാൻ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി ആദ്യമായാണ് കൊച്ചി ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്. ഇതിന് മുൻപ് കോഴിക്കോടും തിരുവനന്തപുരത്തും സർക്കാർ അതിഥി മന്ദിരങ്ങളിൽ അദ്ദേഹം താമസിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കേരളീയ ഭക്ഷണമായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്.