അങ്കണവാടിയില്‍ സ്ഥിരമായി ബിരിയാണിയും പൊരിച്ച കോഴിയും കൊടുക്കുന്നത് നല്ലതല്ല; ആരോഗ്യകരമായ ഭക്ഷണശീലമാണ് കുട്ടിക്കാലം മുതല്‍ വേണ്ടതെന്ന് മുരളി തുമ്മാരുകുടി

Spread the love

കൊച്ചി: അങ്കണവാടിയില്‍ ബിരിയാണി വേണമെന്ന് പറയുന്ന കൊച്ചുകുട്ടിയുടെ വീഡിയോ വൈറലായതോടെ ബിരിയാണി മെനുവില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ പറഞ്ഞിരുന്നു.

ഈ വര്‍ഷം മുതല്‍ ആഴ്ചയിൽ ഒരുദിവസം ബിരിയാണി എന്ന നിലയില്‍ മെനു പരിഷ്‌കരിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിക്കാലം മുതല്‍ ആരോഗ്യകരമായ ഭക്ഷണശീലമാണ് വളര്‍ത്തിക്കൊണ്ടുവരേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കേരളം ജീവിതശൈലി രോഗങ്ങളാല്‍ വലയുകയാണെന്നും സ്ഥിരമായി ബിരിയാണിയും പൊരിച്ച കോഴിയും കൊടുക്കുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന് ശങ്കു എന്ന കുട്ടിയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് ഈ വര്‍ഷം പരിഷ്‌ക്കരിച്ചപ്പോള്‍ മുട്ട ബിരിയാണിയും ഇതില്‍ ഉള്‍പ്പെടുത്തി.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്.

പരിഷ്‌ക്കരിച്ച ഭക്ഷണ മെനു അനുസരിച്ച്‌ ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, ഇലക്കറി, ഉപ്പേരി/തോരന്‍, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം. ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട. ബുധനാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഢലി, സാമ്ബാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴാഴ്ച രാവിലെ റാഗി, അരി-അട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്ബാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്സ്. വെള്ളിയാഴ്ച പ്രാതലായി പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണമായി ഗോതമ്ബ് നുറുക്ക് പുലാവ്. ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നല്‍കുന്നതാണ്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പൊരിച്ച കോഴിയും ബിര്‍നാനിയും ആരോഗ്യകരമായ ഭക്ഷണശീലവും

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അംഗന്‍വാടിയില്‍ എത്തിയ ഒരു കുട്ടി ഭക്ഷണമായി പൊരിച്ച കോഴിയും ബിരിയാണിയും ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പറഞ്ഞതും വര്‍ത്തയായിരുന്നല്ലോ.

ആ വിഷയത്തില്‍ അന്ന് തന്നെ അഭിപ്രായം പറഞ്ഞിരുന്നു. സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന, സമൂഹത്തിലെ മിക്ക ആളുകളും പഞ്ഞമാസങ്ങളില്‍ എങ്കിലും പട്ടിണി അനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ഒറ്റ തലമുറകൊണ്ടാണ് മലയാളികള്‍ ഭക്ഷ്യസുരക്ഷയിലേക്കും ഭക്ഷ്യസമൃദ്ധിയിലേക്കും കുതിച്ചു കയറിയത്.

അതേ കാലഘട്ടത്തില്‍ തന്നെ മലയാളികള്‍ക്ക് കായികമായ അധ്വാനവും വലിയതോതില്‍ കുറഞ്ഞു. കൃഷിയില്‍ നിന്നും മറ്റു തൊഴിലുകളിലേക്ക് ആളുകള്‍ മാറി, അധ്വാനമുള്ള തൊഴിലുകള്‍ ചെയ്യാന്‍ മറുനാട്ടുകാര്‍ എത്തി, മിക്കവാറും എല്ലാ വീട്ടിലേക്കും റോഡുകളായി, മിക്കവാറും റോഡുകളില്‍ ബസുകള്‍ വന്നു, സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും സര്‍വ്വസാധാരണമായി, തൊഴിലിന്റെ അധ്വാനം കുറയ്ക്കുന്ന യന്ത്രങ്ങള്‍ പലത് വന്നു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ കാലഘട്ടത്തില്‍ ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്‌കാരമോ വ്യായാമ സംസ്‌കാരമോ അതിനുള്ള സംവിധാനങ്ങളോ കേരളത്തില്‍ ഉണ്ടായില്ല.

അതിന്റെ ഫലം എന്തായി?

ജീവിതശൈലീരോഗങ്ങള്‍ വളരെ കൂടി. കേരളത്തിലെ ഓരോ പഞ്ചായത്തിലും ഓരോ ഡയാലിസിസ് യൂണിറ്റ് വേണമെന്ന സ്ഥിതിയായി. കേരളത്തിലെ ജനങ്ങളില്‍ നാല്പത്തി അഞ്ചു ശതമാനത്തിനും ജീവിതശൈലീരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

ഈ സാഹചര്യം നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരും ആശുപത്രികളും അല്ല, ആരോഗ്യകരമായ ഭക്ഷണശീലവും കൃത്യമായ വ്യായാമവുമാണ് വേണ്ടത്. അത് ചെറുപ്പ കാലത്ത് തന്നെ തുടങ്ങണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണം, വ്യായാമത്തിനുള്ള സംവിധാനങ്ങള്‍ ഓരോ വാര്‍ഡിലും ഉണ്ടാക്കണം.

 

ഈ കാരണങ്ങള്‍ കൊണ്ടാണ് കുട്ടിയുടെ ആഗ്രഹം എന്താണെങ്കിലും അംഗന്‍വാടിയില്‍ സ്ഥിരമായി ബിരിയാണിയും പൊരിച്ച കോഴിയും കൊടുക്കുന്നത് നല്ല കാര്യമല്ല എന്ന് അന്ന് ഞാന്‍ പറഞ്ഞത്. ഇന്നിപ്പോള്‍ പുതിയ മെനു വന്നിട്ടുണ്ട്. ബിര്‍നാനി മെനുവില്‍ ഉണ്ട്, ഭാഗ്യത്തിന് കോഴി ബിരിയാണിയോ പൊരിച്ചോ കോഴിയോ ഇല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിലെ ഡയട്ടീഷ്യന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് അധികം മസാലക്കൂട്ടുകള്‍ ചേര്‍ത്ത് ആരോഗ്യകരമല്ലാത്ത ഭക്ഷണം ഉണ്ടാക്കി കുട്ടികള്‍ക്ക് കൊടുക്കുന്നതിന് പകരം മുട്ട പോലെ ആരോഗ്യകരമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി അല്പം ആകര്‍ഷകമാക്കി കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയാണ് ലക്ഷ്യം എന്ന് കരുതുന്നു. നല്ലത്.

ആരോഗ്യകരമായ ഭക്ഷണം കുട്ടികളുടെ മാത്രം വിഷയമല്ല. നമ്മുടെ ഓരോ വീട്ടിലും ഓരോ നേരത്തും എങ്ങനെയാണ് ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കുന്നത് എന്നതിനെ കൂടി അനുസരിച്ചിരിക്കും നമ്മുടെ ഭാവി ആരോഗ്യം.