
നിലമ്പൂര്‍: കേരളം ഒമ്പതു വര്‍ഷം ഭരിച്ചു മുടിച്ച സര്‍ക്കാരിനെ മാറ്റാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. ഇതില്‍ വ്യക്തികള്‍ക്കു സ്ഥാനമില്ല. ഇത് യു ഡി എഫും എൽ ഡി എഫും തമ്മിലുള്ള രാഷ്ട്രീയമത്സരമാണ്. അത് നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചറിയും. ഇനി ആരുമായും ചര്‍ച്ചയില്ല. നിലമ്പൂരില ജനങ്ങളുമായി മാത്രമേ ചര്‍ച്ചയുള്ളു. വ്യക്തിപരമായി മറ്റാരെക്കുറിച്ചും പരാമര്ശിക്കണ്ട കാര്യവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
തൊഴിലില്ലായ്മ കൊണ്ടു കഷ്ടപ്പെടുന്ന, വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടുന്ന കേരളത്തിലെ ജനങ്ങള്‍ നിലമ്പൂരെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത് ഈ സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ തടയാന്‍ വേണ്ടതു ചെയ്യണമെന്നാണ്. ഈ തെരഞ്ഞടുപ്പ് കഴിയുന്നതോടു കൂടി പിണറായി സര്‍ക്കാര്‍ ഒരു കാവല്‍ മന്ത്രിസഭ മാത്രമായി തുടരും.
ഒരു ഭരണമാറ്റത്തിന്റെ കേളി കൊട്ടാണ് നിലമ്പൂരില്‍ ആരംഭിക്കുന്നത്. ആര്യാടന് മുഹമ്മദ് മന്ത്രിയും എം എല്‍ എയും ആയിരിക്കുമ്പോള്‍ ഉണ്ടാക്കിയ വികസനമല്ലാതെ ഒരു വികസനവും നിലമ്പൂരില്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെതിരെ നിലമ്പൂരിലെ ജനങ്ങള്‍ വിധിയെഴുതാന്‍ പോകുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയോര മേഖലയിലെ ജനങ്ങള്‍ ഇത്ര കഷ്ടതയനുഭവിക്കുന്ന ഒരു കാലം മുമ്പുണ്ടായിട്ടില്ല. എല്ലാ ദിവസവും ഒരാളെയെങ്കിലും ആന ചവിട്ടി കൊല്ലുകയാണ്. ഇതുവരെ വന്യജീവി നിയമം ഭേദഗതി ചെയ്യെണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചിട്ടില്ല. എന്നാല്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പെട്ടെന്ന് കാബിനറ്റ് കൂടി കേന്ദ്രത്തെ സമീപിക്കാന്‍ പോകുന്നു. ഇതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും. മലപ്പുറത്തുകാരെ വഞ്ചകന്മാര് എന്നാണ് പിണറായി വിളിച്ചത്.
മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വര്‍ണക്കടത്തുകാരുടെ ജില്ല എന്ന അപകീര്‍ത്തികരമായ വാര്‍ത്ത ഹിന്ദു ദിനപ്പത്രത്തില്‍ കൊടുത്തു. ജില്ലയിലെ മതേതരവാദികളായ ജനങ്ങളെ വര്ഗീയയ വല്കരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇതിവിടെ ചിലവാകാന്‍ പോകുന്നില്ല. ഇവിടുത്തെ കുട്ടികള്‍ കോപ്പിയടിച്ചു പരീക്ഷ പാസാകുന്നുവെന്നാണ് പണ്ട് വിഎസ് പറഞ്ഞു. ഇത്തരം പരമാര്‍ശങ്ങള്‍ മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.