
മലപ്പുറം: മലപ്പുറം ജില്ലയില്‍ ചിക്കൻ കടകള്‍ അടച്ചിട്ട് അനിശ്ചതകാല സമരത്തിന് തുടക്കം. ചിക്കൻ മാലിന്യശേഖരണത്തിനുള്ള ഫീസ് റെന്ററിങ് പ്ലാന്റുകാർ നിയമവിരുദ്ധമായി വർധിപ്പിച്ചതിനെതിരെയാണ് സമരം. ജില്ലയിലെ ചില്ലറ ചിക്കൻ വ്യാപാരികളാണ് സമര രംഗത്തുള്ളത്. ആള്‍ കേരള റീജനല്‍ ചിക്കൻ മെർച്ചന്റ്‌സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് ചിക്കൻ വ്യാപാരി സമിതി, ചിക്കൻ വ്യാപാരി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമരം.
സൗജന്യമായി ചിക്കൻ മാലിന്യം സ്വീകരിച്ചിരുന്ന റെന്ററിംഗ് പ്ലാന്റുകാർ കഴിഞ്ഞ ഒമ്ബത് മാസം മുമ്ബേ മാലിന്യം ഇനി സൗജന്യമായി സ്വീകരിക്കാൻ കഴിയില്ലെന്നും ടിപ്പിംഗ് ഫീയായി 5 രൂപ നല്‍കണമെന്നും ആവശ്യപെട്ടിരുന്നു. ഇതിനെതിരെ ജില്ലാ കളക്ടർ ചെയർമാനായ ഡി എല്‍ എഫ് എം സി കമ്മറ്റിക്ക് കീഴില്‍ സിംഗിള്‍ വിന്റോ സംവിധാനത്തില്‍ മാലിന്യം ശേഖരിക്കുമെന്നും ഫീസായി കിലോക്ക് അഞ്ച് രൂപ നല്‍കാമെന്നും ധാരണയായതാണ്. ഈ ഉത്തരവ് ലംഘിച്ചാണ് കഴിഞ്ഞ 9 ദിവസമായി ഒരു മുന്നറിയിപ്പും കൂടാതെ പ്ലാന്റുകള്‍ അടച്ചിടുകയും റന്‍ററിംഗ് പ്ലാന്റുകാരുടെ സ്റ്റേറ്റ് കമ്മറ്റിയുടെ പേരില്‍ വേസ്റ്റിന് കിലോക്ക് 10 രൂപയാക്കി നോട്ടിസ് ഇറക്കുകയും മലപ്പുറം ജില്ലയില്‍ 7 രൂപ പ്രകാരം വ്യാപാരികളില്‍ നിന്നും നിർബന്ധിതമായി ടിപ്പിങ് ഫീ ഈടാക്കുകയും ചെയ്യുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു.ഇതിനെതിരെയായണ് ചിക്കൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം.