സ്വന്തം ലേഖകൻ
പാമ്പാടി: ദുബായിൽ മലയാളികൾ അടക്കമുള്ളവരുടെ ജീവൻ എടുത്ത അപകടത്തിൽപ്പെട്ട പാമ്പാടി സ്വദേശി വിമൽ മരിച്ചത് സ്റ്റോപ്പിലിറങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ. പൊത്തൻപുറം വെണ്ടകം കാർത്തികയിൽ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനും വിമുക്തഭടനുമായ കാർത്തികേയൻനായരുടെ മകൻ വിമൽ കാർത്തികേയനാണ് (35) ദുബായിലിൽ ബസ് അപകടത്തിൽ മരിച്ച മലയാളികളിൽ ഒരാൾ. പെരുന്നാൾ അവധി ആഘോഷത്തിനായി മസ്‌കറ്റിലെ സഹോദരൻ വിനോദിന്റെ വീട്ടിൽ പോയതായിരുന്നു വിമൽ. ഇവിടെ നിന്നും ബസിൽ തിരികെ മടങ്ങിവരികയായിരുന്നു. ഒമാൻ ഗതാഗത വകുപ്പിന്റെ ബസിലാണ് വിമൽ സഞ്ചരിച്ചിരുന്നത്. ദുബൈയിലെ താമസ സ്ഥലത്തേയ്ക്ക് എത്താൻ അഞ്ചു മിനിറ്റ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഈ സമയത്താണ് അപകടമുണ്ടായതും വിമൽ മരിച്ചതും. ബസ് സ്റ്റോപ്പിൽ ഇറങ്ങുകയാണെന്നും, കാറുമായി എത്തണമെന്നും പുതുപ്പള്ളി സ്വദേശി പ്രവീണിന് വിമൽ ഫോൺ ചെയ്ത് അറിയിച്ചിരുന്നു. ഇതാണ് വിമലിനെ തിരിച്ചറിയാൻ സഹായകരമായത്. വിമൽ ദുബൈ പ്രെട്ടിയം കമ്പനി സീനിയർ അക്കൗണ്ടൻറാണ്. ഭാര്യ: പൂർണിമ (ഐ.സി.ഡി.എസ് സൂപ്പർവൈസർ, തൃശൂർ), ഏകമകൻ: ദേവാംഗ് (മൂന്നുവയസ്). മാതാവ്: ചന്ദ്രകുമാരി (റിട്ട.അധ്യാപിക). സഹോദരങ്ങൾ: വിനോദ് (മസ്‌കത്ത്), ശ്രീവിദ്യ (അധ്യാപിക-തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യു.പി.എസ്).