തേർഡ് ഐ ബ്യൂറോ
കോട്ടയം: കോടിമത നാലുവരിപ്പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച്് കാൽനടയാത്രക്കാരൻ മരിച്ചു. കോടിമത റോഡ് പുറംപോക്കിലെ താമസക്കാരനായ ബഷീർ (56)ആണ് മരിച്ചത്. നേരത്തെ ബി.എം.എസ് യൂണിയനിലെ ചുമട്ടുകാരനായിരുന്നു ബഷീർ. ഇപ്പോൾ ആക്രി സാധനങ്ങൾ പെറുക്കിവിറ്റാണ് ബഷീർ ജീവിക്കുന്നത്. ഒരാഴ്ചയ്ക്കിടെ എം.സി റോഡിൽ കോടിമത ഭാഗത്തുണ്ടായ അപകടത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് ബഷീർ.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കോടിമത വിൻസർ കാസിൽ ഹോട്ടലിനു മുന്നിലെ റോഡിലായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്നു പുറത്തിറങ്ങിയ ബഷീർ, റോഡിനു നടുവിലെ ഡിവൈഡറിലൂടെ അൽപദൂരം നടന്നു. പിന്നീട്, റോഡ് നേരെ മുറിച്ച് കടക്കുകയായിരുന്നു. ഈ സയമം ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസ് ബഷീറിനെ ഇടിച്ചു. ഇടിയേറ്റ് റോഡിൽ തലയിടിച്ച് വീണ ബഷീറിനെ ഇതുവഴിയെത്തിയ നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ വച്ച് ബഷീർ മരിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പള്ളം കരിമ്പുങ്കാല ജംഗ്ഷനിലുണ്ടായ അപകടത്തിൽ ആറന്മുള സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ചെങ്ങന്നൂർ ആറന്മുള മാലക്കര പനങ്ങാട്ടത്ത് സാബുവിന്റെ മകൻ ആകാശ് സാബു (21) വാണ് മരിച്ചത്. ഒരാഴ്ച മുൻപുണ്ടായ അപകടത്തിൽ വെള്ളിയാഴ്ച അപകടമുണ്ടായതിന് നൂറു മീറ്റർ മുന്നിലായുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം സ്വദേശിയായ വനിതാ ഡോക്ടർ അപകടത്തിൽ മരിച്ചത്.