മീടു വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകൾ ; ഇപ്പോഴത്തെ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നു
സ്വന്തംലേഖകൻ
കൊച്ചി : മീടു വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്ന് നടി ഷീല. ഭക്ഷണത്തിലെ ചില ഹോർമോണുകളാണ് പുരുഷന്മാരെ മീടു പോലുള്ള വിവാദ കുരുക്കുകളിൽ പോയി ചാടിക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
ഇപ്പോഴത്തെ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നുവെന്നും ഷീല അഭിമുഖത്തില്‍ പറയുന്നു. പണ്ടുകാലങ്ങളിൽ 20 വയസിനുശേഷമാണ് യുവതി യുവാക്കൾ പ്രണയത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ ഇപ്പോൾ കൗമാരക്കാർ വരെ പ്രണയത്തിലാകുന്നു. ഇതെല്ലാം ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളുടെ ഫലമാണെന്നും ഷീല പറഞ്ഞു.
താൻ സിനിമയിൽ സജീവമായിരുന്ന കാലത്ത് ഇന്ന് സ്ത്രീകളനുഭവിക്കുന്നതുപോലുള്ള പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. നായികയായി അഭിനയിച്ച കാലത്ത് ഷൂട്ടിംഗുകൾ നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. ഇതുകാരണം മനസമാധാനത്തോടെ നിലനിൽക്കാൻ സാധിച്ചെന്നും ഷീല അഭിമുഖത്തിൽ വ്യക്തമാക്കി.