
കോട്ടയം: നാളുകളായി അടഞ്ഞുകിടക്കുകയായിരുന്ന പൊതുമേഖല സ്ഥാപനമായ കോട്ടയം ടെക്സ്റ്റൈല്‍സ് ഇന്ന് തുറക്കും. കോട്ടയം ടെക്സ്റ്റൈല്‍സ് എന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതില്‍ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് യുഡിഎഫ് നേതാവ് മോൻസ് ജോസഫ്.
സ്ഥാപനം വീണ്ടും തുറക്കുന്നതുമായി സംബന്ധിച്ച് സംസ്ഥാന സർക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായെന്നും ഇക്കാര്യത്തില്‍ വ്യവസായ മന്ത്രി പി.രാജീവ്, മന്ത്രിമാരായ വി.എൻവാസവൻ, കെ.എൻ ബാലഗോപാല്‍ എന്നിവർ അനുകൂലമായ സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി 40 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. 8 കോടി രൂപ മുടക്കി ആധുനികവല്‍ക്കരിക്കും. വൈദ്യുതി ചാർജ് സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്.. സർക്കാരിൻ്റേത് അനുകൂല നിലപാടെന്നും മോൻസ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ യന്ത്രങ്ങളടക്കം സ്ഥാപിക്കും. കഴിഞ്ഞവർഷം മാർച്ച് 20 നാണ് സ്ഥാപനത്തിന് താഴുവീണത്. വിവിധ കാരണങ്ങളാൽ നേരത്തെ അടഞ്ഞു കിടന്നിരുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം രണ്ടാം പിണറായി സർക്കാരിന്റെ ആദ്യകാലത്താണ് പുന:രാരംഭിച്ചത്.
സ്ഥാപനത്തിന്റെ ശേഷിക്കനുസരിച്ച് നൂൽ ഉത്പാദനം നടക്കുന്നുണ്ടായിരുന്നു. എന്നാൽ സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാർ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി. ഇവർ നൽകുന്ന പോളിസ്റ്റർ നൂലാക്കി തിരികെ നൽകുന്നതിന് നിശ്ചയിച്ച തുക കുറഞ്ഞുപോയതിനെ തുടർന്ന് ശമ്പളം, വൈദ്യുതി ചാർജ് എന്നിവ കുടിശികയായി. 52 ലക്ഷം രൂപ കുടിശികയായതോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരി. തുടർന്നാണ് വിഷയം മോൻസ് ജോസഫ് എം.എൽ.എ നിയസഭയിൽ ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധനകാര്യ, വ്യവസായ, സഹകരണ, വൈദ്യുതി വകുപ്പ് മന്ത്രിമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ 31 വരെയുള്ള 8 കോടി രൂപയുടെ വൈദ്യുതി കുടിശിക പൂർണമായും ഇളവ് ചെയ്തു.
നിലവിലുള്ള കുടിശികയ്ക്ക് സാവകാശവും ലഭിച്ചു. സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തനം നിലച്ചതോടെ സ്ത്രീകൾ അടക്കം നൂറുകണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. ജീവനക്കാരിൽ സമീപവാസികളായ ചിലർ രാവിലെ എത്തി ഒപ്പിട്ട് മടങ്ങുന്നുണ്ട്. വർഷങ്ങളോളം ജോലി ചെയ്ത സ്ഥാപനം പൂർവസ്ഥിതിയലേക്ക് മടങ്ങിവരണമെന്ന് ഇവർ ആഗ്രഹിച്ചിരുന്നു.