മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിന് ഖജനാവിൽ നിന്ന് പൊടിച്ചത് 4.24 ലക്ഷം ; പ്രളയനേട്ടം വട്ടപൂജ്യം
സ്വന്തംലേഖകൻ
തിരുവനന്തപുരം: പ്രളയത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വിദേശപര്യടനത്തിന് സര്‍ക്കാര്‍ പൊടിച്ചത് 4.24 ലക്ഷം. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിനുള്ള സര്‍ക്കാര്‍ കണക്കു പുറത്തുവിട്ടത്.
പ്രളയത്തിന് ശേഷം എല്ലാ മന്ത്രിമാരും പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തീരുമാനിച്ചിരുന്നു. മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു യാത്രാനുമതി നല്‍കിയത്. ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശനം വഴി നവകേരള നിര്‍മാണത്തിന് എത്ര തുക സമാഹരിക്കാനായെന്നായിരുന്നു കഴിഞ്ഞ ജനുവരി 28ന് വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകളിലും സര്‍ക്കാര്‍ മൗനം പാലിച്ചു.
നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി യൂറോപ്പ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നം വീണ്ടുമുയര്‍ന്നുവന്നത്. ഇതിനു പിന്നാലെ നിയമസഭാ വെബ്‌സൈറ്റില്‍ മറുപടി പ്രത്യക്ഷപ്പെട്ടു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറി ഡോ. കെ. ഇളങ്കോവനും ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും യാത്രയ്ക്കായി 3,72,731 രൂപയും ഡി.എ ഇനത്തില്‍ 51,960 രൂപയും ചെലവായെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു. ആകെ 424691 രൂപയാണ് പിണറായിയുടെ വിദേശപര്യടനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group