
തളിപ്പറമ്പ്: പ്ലാസ്റ്റിക് ബാംബൂ കർട്ടൻ ചുരുങ്ങിയ ചിലവില്‍ സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാകുന്നു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട , എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ തട്ടിപ്പിനിരയായത് നിരവധി പേർ. കുറഞ്ഞ വില പറഞ്ഞും നയത്തില്‍ സംസാരിച്ചും വീട്ടുകാരെ പാട്ടിലാക്കുകയും അവര്‍ വേണ്ടെന്ന് പറഞ്ഞാലും ബാംബൂ കര്‍ട്ടനിട്ട ശേഷം വന്‍ തുക തട്ടിയെടുക്കുയാണ് ഇവരുടെ രീതി.
കൊല്ലം കുന്നത്തൂർ താലൂക്ക് അമ്പലത്തുംഭാഗം കുന്നത്തായത്ത് മുഹമ്മദ് അസ്ലം, കുന്നത്ത് താലൂക്ക് സ്വദേശി സുധീർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന കർട്ടൻസ് ഉടമകളാണ് ഇരുവരും. ഈ കമ്പനിക്ക് സ്വന്തമായി അൻപതോളം ഈകോ വാഹനങ്ങളുണ്ട്. ഇതില്‍ പ്ലാസ്റ്റിക് ബാംബു കർട്ടനുകളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘം സഞ്ചരിക്കും. പ്രായമായവർ താമസിക്കുന്ന വീടുകളാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടുകളില്‍ കയറി ആധുനികമായ പ്ലാസ്റ്റിക് ബാംബു കർട്ടനുകള്‍ ചുരുങ്ങിയ നിരക്കില്‍ സ്ഥാപിച്ച് നല്‍കാമെന്ന് വിശ്വസിപ്പിക്കും. ചതുരശ്ര അടിക്ക് 320 രൂപയാണ് ചാർജെന്നും ഈ തുകക്ക് മറ്റെവിടെയും കർട്ടൻ ലഭിക്കില്ലെന്നും പറഞ്ഞ് ഫലിപ്പിക്കും. റിഡക്ഷൻ നിരക്കില്‍ ചതുരശ്ര അടിക്ക് 250 രൂപ നല്കിയാല് മതിയെന്നും പറയും. യഥാർത്ഥ സാധനം നല്കുന്ന കടകളില്‍ ചതുരശ്ര അടിക്ക് 95 രൂപമാത്രമാണ് ഈടാക്കുന്നത്. ഇക്കാര്യമൊന്നും അറിയാതെ ഇവരുടെ വാക്കുകളില്‍ മയങ്ങിപ്പോകുന്ന വീട്ടുകാർ ബാംബൂ കർട്ടൻ സ്ഥാപിക്കാൻ അനുമതി നല്‍കും.
ആദ്യം ഇവർ കർട്ടൻ സ്ഥാപിക്കേണ്ടുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തും. എന്നിട്ട് ഇത്ര സ്ഥലമാണെന്ന് വീട്ടുകാരോട് പറയും. എന്നാല്‍ കർട്ടൻ സ്ഥാപിച്ച് കഴിഞ്ഞാല്‍ ഇരട്ടി ചതുരശ്ര അടിയുടെ കണക്കാണ് പറയുക. ആദ്യം ഇവർ പറഞ്ഞ തുക കേട്ട് കർട്ടൻ സ്ഥാപിക്കാൻ അനുവദിക്കുന്ന വീട്ടുകാർ ഇതോടെ കെണിയിലാവുകയും ഗത്യന്തരമില്ലാതെ പണം കൊടുക്കാൻ നിർബന്ധിതമാവുകയും ചെയ്യും.
കഴിഞ്ഞ മാർച്ച് 11ന് മുൻ എ.ഡി.എം പുഷ്പ ഗിരി ഗാന്ധി നഗറില്‍ താമസിക്കുന്ന എ.സി.മാത്യുവിനെയും സംഘം പറ്റിച്ചിരുന്നു. സംഘം കർട്ടൻ സ്ഥാപിച്ച് പോയ ശേഷം സംശയം തോന്നിയ അദേഹം മറ്റൊരാളെ കൊണ്ട് അളപ്പിച്ചപ്പോള് ഇവർ പറഞ്ഞ അളവിൻ്റെ പകുതി മാത്രമേയുള്ളൂ വെന്ന് വ്യക്തമായി. ഇതേത്തുടർന്ന് അദേഹം മുഖ്യമന്ത്രിക്കും ശൂരനാട് പോലീസിലും കരുനാഗപ്പള്ളി ഡിവൈ.എസ്.പിക്കും ഉള്‍പ്പെടെ പരാതി നല്കി .
സംഘമെത്തിയ വാഹനത്തിൻ്റെ നമ്പർ കെ.എല്‍ 61 സി 8167 ആണെന്ന് തിരിച്ചറിഞ്ഞ അദേഹം നമ്പർ സഹിതമാണ് പരാതി നല്‍കിയത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ തട്ടിപ്പ് സംഘം ആദ്യം 10,000 രൂപ ഗൂഗിള്‍പേ വഴി എ.സി.മാത്യുവിന് അയച്ചുകൊടുത്തു. പിന്നീട് 20,000 രൂപയും 10,000 രൂപയും തിരിച്ചു നല്കി.
തളിപ്പറമ്പ് പോലീസ് മുഖേനയാണ് പണം തിരിച്ചു നല്‍കിയത്. തുടർന്ന് സംഘം ക്ഷമാപണം നടത്തിയെങ്കിലും നിങ്ങള്‍ തട്ടിപ്പുകാരാണ് നിങ്ങളുടെയാതൊരു ക്ഷമാപണവും എനിക്ക് ആവശ്യമില്ലെന്ന് എ.സി.മാത്യു പറയുകയായിരുന്നു.