ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: യുവമോർച്ചാ പ്രവർത്തകർ കാരിത്താസ് ആശുപത്രി അടിച്ചു തകർത്തു

ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: യുവമോർച്ചാ പ്രവർത്തകർ കാരിത്താസ് ആശുപത്രി അടിച്ചു തകർത്തു

സ്വന്തം ലേഖകൻ

കോട്ടയം: ചികിത്സ ലഭിക്കാതെ രോഗിമരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ യുവമോർച്ചാ പ്രവർത്തകർ കാരിത്താസ് ആശുപത്രി അടിച്ചു തകർത്തു. പ്രകടനമായി, മുദ്രാവാക്യം വിളിച്ചെത്തിയ മൂന്ന് യുവമോർച്ചാ പ്രവർത്തകർ ചേർന്ന് കാരിത്താസ് ആശുപത്രി അടിച്ച് തകർക്കുകയായിരുന്നു. യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണയുടെ നേതൃത്വത്തിലാണ് മൂന്നംഗ സംഘം രാവിലെ പത്തു മണിയോടെ ആശുപത്രിയ്ക്കുള്ളിലേയ്ക്ക് ഇരച്ച് കയറിയത്. ഇടുക്കി സ്വദേശിയായ ജേക്കബ് തോമസിനെയാണ്് എച്ച്.വൺ എൻവൺ രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ്, കാരിത്താസ്, മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കാതെ മരിച്ചത്. ഈ ആശുപത്രികളിലേയ്ക്ക് യുവമോർച്ചാ പ്രതിഷേധ സമരം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് യുവമോർച്ചാ പ്രവർത്തകർ മൂന്നു പേർ ചേർന്ന് കാരിത്താസ് ആശുപത്രിയിലേയ്ക്ക് പ്രതിഷേധവുമായി എത്തിയത്. ഇവിടെ എത്തിയ ശേഷം പ്രവർത്തകർ കാരിത്താസ് ആശുപത്രിയ്ക്കുള്ളിലേയ്ക്ക് ഓടിക്കയറി. ഇവിടെയുണ്ടായിരുന്ന ക്യാബിനും, സിസിടിവി ക്യാമറും കസേരകളും അടിച്ചു തകർത്തു. കസേരകൾ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേയ്ക്കും ആക്രമണം നടത്തിയ സംഘം രക്ഷപെട്ടിരുന്നു.
കാരിത്താസ്, മാതാ ആശുപത്രികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയിൽ ഇപ്പോൾ ഉയർന്നിരിക്കുന്നത്. പ്രതിഷേധമുണ്ടാകുമെന്നറിഞ്ഞിട്ടും രണ്ട് ആശുപത്രികളിലും പൊലീസ് കാവലുണ്ടായിരുന്നില്ല. ഇതാണ് കാരിത്താസ് ആശുപത്രി അടിച്ച് തകർക്കുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത്.

Tags :