ആരോഗ്യ വകുപ്പിൻ്റെ സുരക്ഷിത പ്രസവം ക്യാമ്പയിൻ ഫലം കാണുന്നു; മലപ്പുറത്തെ വീട്ടു പ്രസവങ്ങൾ ഗണ്യമായി കുറഞ്ഞു

Spread the love

മലപ്പുറം: “കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തെരഞ്ഞെടുക്കാം’ എന്ന ടാഗ് ലൈനിൽ ആരോഗ്യ വകുപ്പ് ആരംഭിച്ച ജനകീയ ക്യാമ്പയിൻ വിജയം കാണുന്നു. ക്യാമ്പയിന് മുൻപ് ജില്ലയിൽ ഓരോ മാസവും ശരാശരി 20 നും 25 നും ഇടയിൽ വീട്ടു പ്രസവങ്ങൾ നടന്നിരുന്നു. എന്നാൽ ക്യാമ്പയിന് ശേഷം അത് 6 ആക്കി ചുരുക്കാൻ സാധിച്ചു. ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പി.സി. ആന്‍ഡ് പി.എന്‍.ഡി.റ്റി. ആക്റ്റ് സംബന്ധിച്ച വിഷയങ്ങൾ ചര്‍ച്ച ചെയ്യാൻ ചേർന്ന ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്.

മാർച്ചിൽ 23 വീട്ടു പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഏപ്രിൽ ആദ്യവാരം വീട്ടു പ്രസവത്തിൽ യുവതി മരിച്ചിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ശക്തമായ ജനകീയ ക്യാമ്പയിൻ ആരംഭിച്ചു
തുടർന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ വിവിധ മതസംഘടനകളുടെ യോഗം വിളിച്ച് ക്യാമ്പയിൻ വിജയിപ്പിക്കാനും ബോധവത്കരണം നടത്താനും ആവശ്യമായ സഹകരണം ആവശ്യപ്പെട്ടിരുന്നു. മികച്ച പിന്തുണയാണ് എല്ലാവരുടെയും ഭാഗത്തുനിന്ന് ലഭിച്ചതെന്ന് യോഗം വിലയിരുത്തി.
ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ വീട്ട് പ്രസവങ്ങളുടെ എണ്ണം ഗണ്യമായി കുറക്കാനും സാധിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഭാഗമായി സെമിനാറുകൾ,തെരുവ് നാടകങ്ങൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവ വ്യാപകമായി സംഘടിപ്പിച്ചിരുന്നു. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല സമീപനവും ക്യാമ്പയിൻ വിജയിക്കുന്നതിന് കാരണമായി.

തീവ്ര വിശ്വാസം പുലർത്തുന്നവരും അലോപതി ചികിത്സയെ ഭയക്കുന്നവരുമായ വളരെ ചെറിയ വിഭാഗം ആളുകൾ മാത്രമാണ് നിലവിൽ വീട്ട് പ്രസവത്തിന് മുതിരുന്നത്. തുടർന്ന് വരുന്ന ക്യാമ്പയിനിലൂടെ പൂർണമായും ഈ അവസ്ഥക്ക് മാറ്റം വരുത്താൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകരുടേയും ജീവനക്കാരുടേയും സമീപനം കൂടുതൽ ജനസൗഹൃദമാക്കുന്നതിന് ആവശ്യമായ പരിശീനങ്ങൾ നൽകാനും യോഗം തീരുമാനിച്ചു.

മികച്ച സേവനങ്ങൾ ലഭിക്കുന്ന സർക്കാർ ആശുപത്രികളെ കൂടുതൽ ആളുകൾ പ്രസവങ്ങൾക്ക് സമീപിക്കാൻ ഇത്തരത്തിലുള്ള സൗഹാർദ അന്തരീക്ഷം സഹായിക്കും.

പി.സി. ആന്‍ഡ് പി.എന്‍.ഡി.റ്റി. ആക്റ്റ് ജില്ലാതല ഉപദേശക സമിതിയിൽ ഇത്തവണ ജില്ലയിൽ പുതുതായി മൂന്ന് സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനും രണ്ട് സ്ഥാപനങ്ങളുടെ രജിസ്ട്രഷൻ പുതുക്കി നൽകുന്നതിനും തീരുമാനിച്ചു.

ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡി.ഇ.എം.ഒ ഡോ.പി എം ഫസൽ ,അഡ്വ : സുജാത വർമ്മ വർമ്മ, സാമൂഹ്യപ്രവർത്തക ബീന സണ്ണി, ഗൈനക്കോളജിസ്റ്റ് ഡോ: ഒ.കെ ജാസ്മിൻ ഇസ്മയിൽ, ആർ.സി.എച്ച് ഓഫീസർ ഡോ:എൻ.എൻ പമീലി, , ഇൻഫർമേഷൻ അസിസ്റ്റന്റ് ടി. ശരണ്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.