സി പി എമ്മിലെ പുതിയ സംഭവ വികാസങ്ങൾ ഗ്രൂപ്പ് പോരാട്ടത്തിനും മറ്റൊരു കടുത്ത തമ്മിലടിക്കും ചേരിതിരിവിനും കേരളത്തില്‍ സാധ്യത തെളിയുകയാണെന്ന് വിലയിരുത്തൽ

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ രാഷ്ട്രീയഭാവി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആർക്കെന്ന് നിർണ്ണയിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സി.പി.എമ്മില്‍ തമ്മിലടി രൂക്ഷമാവുന്നു.
പാർട്ടിയിലും സർക്കാരിലും അപ്രമാദിത്വം വെച്ച്‌ പുലർത്തുന്ന മന്ത്രി മുഹമ്മദ് റിയാസിനെതിരെ മന്ത്രിമാർ കുറുമുന്നണി രൂപീകരിക്കുമ്പോള്‍ മന്ത്രി സജി ചെറിയാന് സ്വന്തം ജില്ലയില്‍ നിന്നും കിട്ടിയത് എട്ടിന്റെ പണി.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കി ഭരിക്കുന്ന സി.പി.എമ്മില്‍ അപസ്വരങ്ങള്‍ തമ്മില്‍ തല്ല് രൂക്ഷമാക്കുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്തെ ദേശീയ പാതാ നിർമ്മാണങ്ങളുടെയും സ്മാർട്ട് റോഡുകളുടെയും ക്രെഡിറ്റ് മന്ത്രി മുഹമ്മദ് റിയാസ് മാത്രമെടുക്കുന്നുവെന്നാണ് മന്ത്രിമാർക്കിടയില്‍ നിലവില്‍ ഉയർന്നിരിക്കുന്ന വിമർശനം. മഴ തുടങ്ങിയതോടെ നിർമ്മാണത്തിലെ അപാകത വിളിച്ചറിയിച്ച്‌ സംസ്ഥാനത്ത് 56 ഇടങ്ങളില്‍ ദേശീയ പാതയില്‍ തകർച്ചയും വിള്ളലും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ സർക്കാർ വാദം ഉയർത്തി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ആകെ മുഖ്യമന്ത്രി പിണറായിയും മന്ത്രി റിയാസുമാണ് ഇതുവരെ കളത്തിലിറങ്ങിയത്.
മന്ത്രിമാരോ പാർട്ടിയിലെ മറ്റ് പ്രമുഖരോ ഘടകകക്ഷി നേതാക്കളോ ഇതില്‍ പ്രതികരണം നടത്തി സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ചതായി കാണുന്നില്ല. സി.പി.എമ്മില്‍ നിന്നുള്ള മന്ത്രിമാർക്കിടയില്‍ ഭിന്നത പ്രകടമാണെന്ന വിലയിരുത്തലാണുള്ളത്.
ഇതിനിടെയാണ് മന്ത്രി സജി ചെറിയാന് സ്വന്തം ജില്ലയില്‍ നിന്നും പണി കിട്ടുന്നത്. തമ്മിലടിയുടെ ഭാഗമായി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാതെ മൂലയ്ക്കിരുത്തിയതാണ് ഇപ്പോള്‍ വിവാദമായിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യുന്ന എൻ.ജി.ഒ യൂണിയന്റെ പ്രതിനിധി സമ്മേളനത്തിലേക്ക് ജില്ലയില്‍ നിന്നുള്ള മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാനെ അവഗണിക്കുകയാണ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.ജി.ഒ യൂണിയന്റെ നിരുത്തരവാദപരമായ നടപടിക്കെതിരെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനമുയർന്നിട്ടും സജിയെ പങ്കെടുപ്പിക്കാൻ യൂണിയന്റെ സംസ്ഥാന നേതൃത്വം തുനിഞ്ഞിട്ടില്ല. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണത്തിന്റെ ഉദ്ഘാടനം നടത്തിയ സജി ചെറിയാനെ പിന്നീട് വെട്ടാൻ കാരണം സി.പി.എമ്മിലെ പടലപിണക്കമാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ഇതിന് പിന്നില്‍ ജില്ലയില്‍ നിന്നുള്ള കേന്ദ്രക്കമ്മറ്റിയംഗത്തോട് അടുത്ത നില്‍ക്കുന്ന ജില്ലയിലെ ഒരു എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിവരം. സി.പി.എമ്മിലെ ഉള്‍പ്പോര് ജില്ലാ തലത്തില്‍ ഒതുങ്ങുന്നതാണോ അതോ സംസ്ഥാനതലത്തില്‍ രൂപപ്പെട്ടതാണോയെന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നു.
നിലവില്‍ സംസ്ഥാനതലത്തില്‍ സർവ്വീസ് സംഘടനകളുടെ ചുമതല വഹിക്കുന്ന എം.വി ജയരാജൻ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മിണ്ടാട്ടമില്ല. ഇക്കഴിഞ്ഞ ദിവസം എൻ.ജി.ഒ യൂണിയൻ പൂർവ്വകാല നേതാക്കളുടെ സമ്മേളനം ആലപ്പുഴയില്‍ നടത്തിയിരുന്നു.

സമ്മേളനം ഉദ്ഘാടനം ചെയ്ത സുധാകരൻ മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന് പ്രസംഗിച്ചത് വലിയ വിവാദവും തുടർന്ന് ഇതില്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പൂർവ്വകാല നേതാക്കള്‍ മാത്രം പങ്കെടുത്ത സമ്മേളനത്തില്‍ നിന്നുമുള്ള മൊബൈല്‍ ദൃശ്യങ്ങളാണ് ആരോ പകർത്തി മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത്. തുടർന്നാണ് സംസ്ഥാനത്ത് ഉടനീളവും ആലപ്പുഴ ജില്ലയില്‍ പ്രത്യേകിച്ചും പാർട്ടി പ്രതിരോധത്തിലായത്. അതിനുള്ള മറുപണിയാണോ ഇതെന്നും സംശയിക്കപ്പെടുന്നുണ്ട്.

പാർട്ടിയില്‍ മന്ത്രിമാർ തമ്മിലുള്ള ഭിന്നതയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. അതിനിടെ പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്ത എം.എ ബേബി മറ്റൊരു അധികാരകേന്ദ്രമായി സി.പി.എമ്മില്‍ ചുവടുറപ്പിച്ച്‌ കഴിഞ്ഞു.

പിണറായിയുടെ അപ്രമാദിത്വം അംഗീകരിക്കാൻ കഴിയാത്തവർ ബേബിക്ക് ചുറ്റും അണിനിരക്കാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
പാർട്ടിയെ കഴിഞ്ഞ കാലഘട്ടത്തില്‍ ഉലച്ച വി.എസ്- പിണറായി പോരിന് ശേഷം അടുത്ത ഗ്രൂപ്പ് പോരാട്ടത്തിനും മറ്റൊരു കടുത്ത തമ്മിലടിക്കും ചേരിതിരിവിനും കേരളത്തില്‍ സാധ്യത തെളിയുകയാണെന്നും വിലയിരുത്തലുണ്ട്