
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.
‘ജയിലിനുള്ളിലെ ജയില്‍’ എന്നറിയപ്പെടുന്ന യുടിബി ബ്ലോക്കിലാണ് അഫാനെ പാര്‍പ്പിച്ചിരുന്നത്. പ്രതി മുന്‍പും ജീവനൊടുക്കാന്‍ ശ്രമിച്ചതിനാല്‍ അതീവ സുരക്ഷ വേണമെന്നു പൊലീസിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നിട്ടും കൃത്യമായ സുരക്ഷ ഒരുക്കാത്ത നടപടിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ജയിലില്‍ എത്തിയ ശേഷവും അഫാന്റെ പെരുമാറ്റത്തില്‍ ചില അസ്വാഭാവികതകള്‍ കണ്ടിരുന്നു. ശാന്തമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെങ്കിലും ആരോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല.
ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച അഫാന്‍, ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അബോധാവസ്ഥയിലായിരുന്ന അഫാന് ആശുപത്രിയിലെത്തിച്ചപ്പോള്‍ മൂന്നുതവണ അപസ്മാരമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആത്മഹത്യാ പ്രവണതയുള്ളതിനാല്‍ പ്രത്യേക നിരീക്ഷണം വേണ്ടവരെ പാര്‍പ്പിക്കുന്ന ബ്ലോക്കിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്. അഫാനടക്കം രണ്ടുപേര്‍ മാത്രം ഒരു സെല്ലില്‍. സഹതടവുകാരനോട് അഫാനെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ചയായതിനാല്‍ രാവിലെ 11ന് ബ്ലോക്കില്‍ തന്നെയുള്ള പ്രത്യേക മുറിയില്‍ ടിവി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. സഹതടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയപ്പോഴാണ് അലക്കി ഉണങ്ങാനിട്ട മുണ്ടെടുത്ത് ശുചിമുറിയില്‍ കയറി അഫാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയില്‍ ഉദ്യോഗസ്ഥര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.