
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതേ തുടർന്ന് ആശുപത്രികള്‍ക്കും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാനും മന്ത്രി അഭ്യർത്ഥിച്ചു. മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നും അറിയിപ്പില്‍ പറഞ്ഞു.
കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാ മാർഗങ്ങള്‍ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവർ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
വെള്ളത്തിലിറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണമെന്നു മന്ത്രി പറഞ്ഞു.
അതേസമയം വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പ് നല്‍കി.
മഞ്ഞപ്പിത്തം ബാധിച്ചവർ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാൻ സാധ്യതയുള്ളതിനാല്‍ അവർ ഭക്ഷണം പാകം ചെയ്യാൻ പാടില്ല. അവർ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പർക്കം പുലർത്താതിരിക്കുകയും ചെയ്യണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്.