play-sharp-fill
പൊലീസായിരുന്നെങ്കിൽ കാണാമായിരുന്നു കളി: എഴുതി കൊന്നു കളഞ്ഞേനെ; ഡോക്ടർമാരല്ലേ, ലാബുകാരല്ലേ.. ആരോഗ്യമല്ലേ, പാവങ്ങൾ ജീവിക്കട്ടെ: പൊലീസുകാരോടില്ലാത്ത കരുണ ഡോക്ടർമാരോട് കാട്ടി മാധ്യമങ്ങൾ: ലാബിന്റെയും ഡോക്ടറുടെയും പിഴവിനെ മൂടി വച്ച് മലയാള മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും

പൊലീസായിരുന്നെങ്കിൽ കാണാമായിരുന്നു കളി: എഴുതി കൊന്നു കളഞ്ഞേനെ; ഡോക്ടർമാരല്ലേ, ലാബുകാരല്ലേ.. ആരോഗ്യമല്ലേ, പാവങ്ങൾ ജീവിക്കട്ടെ: പൊലീസുകാരോടില്ലാത്ത കരുണ ഡോക്ടർമാരോട് കാട്ടി മാധ്യമങ്ങൾ: ലാബിന്റെയും ഡോക്ടറുടെയും പിഴവിനെ മൂടി വച്ച് മലയാള മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൊലീസാണെങ്കിൽ കാണാമായിരുന്നു കളി. ഇതിപ്പം ഡോക്ടർമാരും ലാബുകാരുമല്ലേ.. പ്രതികരണ ശേഷി കുറച്ചു മതി. കാൻസറില്ലാത്ത വീട്ടമ്മയെ കാൻസർ രോഗയാക്കി കീമോതെറാപ്പിയ്ക്ക് വിധേയമാക്കിയ സംഭവം പുറത്ത് വന്ന് നാലു ദിവസം കഴിഞ്ഞിട്ടും ഡോക്ടർക്കോ, ലാബിനോ എതിരെ യാതൊരു നടപടിയുമില്ലാതെ സർക്കാരും ആരോഗ്യ വകുപ്പും. ഡോക്ടറെയും ലാബിനെയും രക്ഷിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ ആഞ്ഞു പരിശ്രമിക്കുമ്പോൾ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കേസ് ഒതുക്കിത്തീർക്കാൻ കൂട്ടു നിൽക്കുന്നു. ഒരു വീട്ടമ്മയുടെ ജീവൻ വച്ചു കളിച്ച സംഘത്തിന്റെ തട്ടിപ്പിനാണ് ഇപ്പോൾ മാധ്യമങ്ങളും രാഷ്ട്രീയക്കരും കൂട്ട് നിൽക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായ കെവിൻ കേസിൽ അശ്രദ്ധയുടെ പേരിൽ മാത്രം രണ്ടു പൊലീസുകാർക്ക് ജോലി നഷ്ടമാകുകയും, നാലു പേർക്ക് സസ്‌പെൻഷൻ ലഭിക്കുകയും ചെയ്തപ്പോഴാണ് ഒരു ഡോക്ടറെ പോലും നുള്ളി നോവിക്കാതെ  യുവതിയെ കാൻസർ രോഗിയാക്കിയ സംഭവം  അവസാനിക്കുന്നത്.
കഴിഞ്ഞ വർഷം മെയ് 27 നായിരുന്നു കേവിൻ കേസ് ഉണ്ടായത്. അന്ന് ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എംഎസ് ഷിബുവിനെ രാഷ്ട്രീയക്കാരുടെ പ്രതിഷേധത്തെ തുടർന്ന് സംഭവം ഉണ്ടായ ദിവസം രാവിലെ തന്നെ സംസ്ഥാന പൊലീസ് മേധാവി സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ അന്ന് രാത്രി പെട്രോളിംഗ് സംഘത്തിലെ എസ്.ഐ ആയിരുന്ന ടി.എം ബിജുവിനെ സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു. അന്നത്തെ ജില്ലാ പൊലീസ് മേധാവിയ്ക്കും, രണ്ടു ഡിവൈഎസ്പിമാർക്കും പോലും രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും കടുത്ത സമ്മർദത്തെ അതിജീവിക്കാൻ സാധിച്ചില്ല. മൂന്നു പേർക്കും നടപടി നേരിട്ടു.
എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും, ലാബിന്റെയും പിഴവിനെ തുടർന്ന് ഒരു വീട്ടമ്മയ്ക്ക് കീമോതെറാപ്പി ചെയ്തിട്ടു പോലും കാര്യമായ പ്രതികരണം മാധ്യമങ്ങളുടെയോ രാഷ്ട്രീയക്കാരുടെയോ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ആദ്യത്തെ രണ്ടു ദിവസം വാർത്ത റിപ്പോർട്ട് ചെയ്ത ചാനലുകൾ നിപ്പ വന്നതോടെ ഈ വാർത്തയെ കയ്യൊഴിഞ്ഞു. മലയാള മനോരമ അടക്കമുള്ള പത്രങ്ങളാകട്ടെ ആദ്യത്തെ ആവേശത്തിന് ശേഷം വാർത്തയെ ഉൾപേജിലേയ്ക്ക് ഒതുക്കുകയും ചെയ്തു.
ലാബിന്റെ പിഴവിനെ തുടർന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് വീട്ടമ്മ നേരിടുന്നത്. ഈ ലാബ് അടച്ചു പൂട്ടിയ്ക്കാനോ, കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ ക്രിമിനൽ ചട്ടം അനുസരിച്ച് കേസെടുക്കാനോ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവരെ കീമോതെറാപ്പിയ്ക്ക് വിധേയമാക്കിയ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാനോ ഇതുവരെയും സാധിച്ചിട്ടില്ല.
എന്നാൽ, ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചെയ്ത പിഴവിനെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചിരുന്നതെങ്കിൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ തന്നെ മുൾ മുനയിൽ നിർത്തിയേനെ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേർന്ന്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.