
കോട്ടയം: കാലവർഷം എത്തുന്നതിനു മുമ്പേ ജില്ലയിൽ മഴക്കാലരോഗങ്ങൾ പടരുന്നു. ഡെങ്കിപ്പനി,വൈറൽ പനിക്ക് പിന്നാലെ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക പടർത്തുന്നു. ജില്ലയിലെ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടുന്നവർ നൂറുകണക്കിന് ആണ്.കോട്ടയം നഗരസഭ, മീനച്ചിൽ, വാഴപ്പള്ളി, ചങ്ങനാശ്ശേരി, പള്ളിക്കത്തോട് മേഖലകളിൽ ഒക്കെ ഡെങ്കിപ്പനി പകരുന്നുണ്ട്.ഇടവിട്ട് പെയ്യുന്ന മഴയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണം.എലിപ്പനിയും പലയിടങ്ങളിലും വ്യാപകമാകുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ മൂന്നുപേരിൽ മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെങ്കിൽ നിരവധി പേർ സ്വകാര്യ ആശുപത്രികൾ ചികിത്സയിലാണ്.
മണ്ണിലേക്കു വീഴുന്ന ഓരോ മഴത്തുള്ളിയോടുമൊപ്പം മഴക്കാല രോഗങ്ങളും പെയ്തിറങ്ങിക്കഴിഞ്ഞു. പുതുമഴ രോഗാണുക്കളുമായാണ് പെയ്തിറങ്ങുന്നത്. നമ്മുടെ ശരീരത്തിന് അപരിചിതമായ വൈറസ് അണുക്കളുടെ വാഹകരായിരിക്കും ഈ മഴത്തുള്ളികൾ. അതിനാൽ രോഗപ്രതിരോധശേഷി കുറഞ്ഞവർ ഈ മഴ നനഞ്ഞാൽ നിശ്ചയമായും പനി വരും.
ചർമത്തിലെ തീരെ ചെറിയ സുഷിരങ്ങളിലൂടെയും വായിലൂടെ അന്നനാളത്തിലേക്കും ബാഷ്പമായി ശ്വാസകോശത്തിലേക്കും വെള്ളം പ്രവേശിക്കുമ്പോൾ അതിലൂടെ ഈ രോഗാണുക്കളും ഉള്ളിലെത്തുന്നു. തലയിലെ ചർമത്തിലെ ചെറിയ സുഷിരങ്ങളിലൂടെയും വിയർപ്പുഗ്രന്ഥികളുടെ ചെറുസുഷിരങ്ങളിലൂടെയും രോഗാണുക്കളടങ്ങിയ വെള്ളം ഉള്ളിലേക്കു കടക്കും. ഇതിനെയാണു നീരിളക്കം എന്നു വിളിക്കുന്നത്. വൈറസ് ബാധ മൂലമുണ്ടാകുന്ന പനി മഴക്കാലത്ത് കൂടുതൽ കാണാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പനി ബാധിച്ചവരുടെ സാമീപ്യം ഒഴിവാക്കുകയാണു ചെയ്യേണ്ടത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും പനി വന്നാൽ വേണ്ടത്ര വിശ്രമമെടുക്കുകയും വേണം. സാധാരണ വൈറസ് പനി ഒരാഴ്ചകൊണ്ട് തനിയെ മാറുന്നതാണ്. കൂടുതൽ മരുന്നു കഴിച്ചതു കൊണ്ട് പനി വേഗം മാറില്ല. രോഗലക്ഷണങ്ങൾ താത്കാലികമായി കാണപ്പെടില്ല എന്നേയുള്ളൂ.