play-sharp-fill
ഒരു കിലോ സ്വർണക്കട്ടി കേരളത്തിലെത്തിച്ചാൽ ലാഭം മൂന്നരലക്ഷം,തിരുവനന്തപുരത്ത് സ്വർണ മാഫിയ സർക്കാരിനെ കബിളിപ്പിച്ച് കൊയ്തത് കോടികൾ

ഒരു കിലോ സ്വർണക്കട്ടി കേരളത്തിലെത്തിച്ചാൽ ലാഭം മൂന്നരലക്ഷം,തിരുവനന്തപുരത്ത് സ്വർണ മാഫിയ സർക്കാരിനെ കബിളിപ്പിച്ച് കൊയ്തത് കോടികൾ

സ്വന്തംലേഖിക

 

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന വിഷ്ണു സോമസുന്ദരം ഈ രംഗത്തെ വൻമരമാണെന്ന് വിവരം. തിരുവനന്തപുരം മണ്ണന്തല സ്വദേശിയും നിയമ ബിരുദധാരിയുമായ വിഷ്ണുവിന്റെ സ്വർണക്കടത്ത് വേരുകൾ തലസ്ഥാനനഗരിയിൽ നിന്ന് അങ്ങ് ദുബായ്വരെ ആഴ്ന്നിറങ്ങുന്നതാണെന്നാണ് ഡി.ആർ.ഐ നൽകുന്ന സൂചന. നിയമ പഠനത്തിനുശേഷം ഹോട്ടൽ ബിസിനസും ഫ്‌ളാറ്റ് ഇടപാടും മറ്റുചില പരിപാടികളുമായി കറങ്ങി നടക്കുകയായിരുന്ന വിഷ്ണു ഹോട്ടൽ പൂട്ടുകയും സുഹൃത്തും സംഗീത സംവിധായകനുമായ ബാലഭാസ്‌കർ അപകടത്തിൽ മരണപ്പെടുകയും ചെയ്തശേഷമാണ് കഴിഞ്ഞ നവംബർ മുതൽ സ്വർണക്കടത്ത് രംഗത്തേക്ക് ചുവടുമാറിയതെന്നാണ് കണ്ടെത്തൽ. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജർമാരായി പ്രവർത്തിച്ചിരുന്ന പ്രകാശ് തമ്പിയ്ക്കും വിഷ്ണുവിനും ബാലഭാസ്‌കർ പ്രതിഫലം നൽകിയിരുന്നു. തിരുവനന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയിൽ പ്രതിമാസം ഇരുപതിനായിരം രൂപ പ്രതിഫലം പറ്റി ജോലി ചെയ്തിരുന്ന പ്രകാശ് തമ്പിയ്ക്കും വിഷ്ണുവിനും ബാലുവിന്റെ മരണത്തോടെ അധിക വരുമാനം നഷ്ടപ്പെട്ടു. ഇതോടെയാണ് ഇവർ പെട്ടെന്ന് പണമുണ്ടാക്കാനുളള കുറുക്കുവഴിയെന്ന നിലയിൽ സ്വർണക്കടത്തിലേക്ക് കാലൂന്നിയതത്രേ. സ്വർണക്കള്ളക്കടത്ത് കേസിൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്യുകയും ഇപ്പോൾ സി.ബി.ഐ അന്വേഷണം നേരിടുകയും ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനുമായി വിഷ്ണുവിനുള്ള അടുത്ത സൗഹൃദമാണ് കടത്തിലേക്ക് സംഘം വേരുറപ്പിച്ചത്. തന്റെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന മണ്ണന്തല സ്വദേശി ജിത്തുവെന്ന ആകാശ് ഷാജിയെ എട്ടുമാസം മുമ്പ് ദുബായിലേക്ക് കയറ്റിവിട്ട വിഷ്ണു അയാളെ ഉപയോഗിച്ച് അവിടെ നിന്ന് സ്വർണം വാങ്ങി കടത്തികൊണ്ടു വന്നായിരുന്നു തുടക്കം. രാധാകൃഷ്ണന്റെ ഡ്യൂട്ടി സമയവും മറ്റും മനസിലാക്കി അതിനനുസരിച്ചുള്ള വിമാനങ്ങളിലായിരുന്നു സംഘം കടത്ത് നടത്തിയിരുന്നത്. കസ്റ്റംസ് സൂപ്രണ്ടിന്റെ കൂടി അറിവോടെയുള്ള കടത്തായതിനാൽ കാരിയേഴ്‌സിന് റിസ്‌ക് വളരെ കുറവായിരുന്നു. നല്ല പ്രതിഫലം ലഭിച്ചിരുന്നതിനാൽ കാരിയർമാരായി സ്ത്രീകളുൾപ്പെടെയുള്ളവരെ സംഘത്തിന് അനായാസം ലഭിച്ചു. ടൂർ ബാഗുകളിലും വസ്ത്രങ്ങളുടെ പോക്കറ്റുകളിലും ഒളിപ്പിച്ച് കൂളായാണ് ഇവർ സ്വർണം കടത്തി കൊണ്ടുവന്നിരുന്നത്. യാദൃച്ഛികമായി ഒറ്റുകാരോ മറ്രോ ചതിച്ചാലും പിടിക്കപ്പെടാതിരിക്കാനായി കാരിയർമാർക്കൊപ്പം അത്യാവശ്യ സന്ദർഭങ്ങളിൽ സാധനം കൈമാറാൻ മറ്രൊരു യാത്രക്കാരനെയും സംഘം എപ്പോഴും കൂടെക്കൂട്ടിയിരുന്നു. ഒരു കിലോ തൂക്കമുള്ള സ്വർണക്കട്ടി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയാൽ മൂന്നരലക്ഷം രൂപയാണ് സംഘത്തിന് ലാഭമായി കിട്ടയിരുന്നത്. ഇതിൽ കാൽലക്ഷം രൂപയിൽ താഴെയാണ് ഇടനിലക്കാരായി പ്രവർത്തിച്ചിരുന്ന കാരിയർമാർക്ക് വിമാനടിക്കറ്റ് കൂടാതെ പ്രതിഫലമായി നൽകിയിരുന്നത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം തിരുവനന്തപുരത്തെ പി.പി.എം ചെയിൻസ് എന്ന സ്ഥാപനത്തിനാണ് വിറ്റിരുന്നത്. പ്രകാശ് തമ്പിയും വിഷ്ണുവും ഇത്തരത്തിൽ പലപ്പോഴായി നൂറ് കിലോയോളം സ്വർണം വിറ്റിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ടിന്റെ ഒത്താശ റിസ്‌കില്ലാതാക്കിയതോടെ സെറീന ഷാജിയുൾപ്പെടെയുള്ള രണ്ട് ഡസനോളം കാരിയർമാരെകൂടി നിയോഗിച്ച് സ്വർണക്കടത്ത് ഒരു ബിസിനസാക്കി സംഘം മാറ്റി. പലതവണയായി 50 കിലോ സ്വർണം സെറീന ഷാജി മാത്രം കടത്തി. മുഖ്യപ്രതികളിൽ ഒരാളായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീത രത്‌നകുമാരി, എം. ഷാജി സത്താർ, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കർ ഷാജഹാൻ, സംഗീത, ജിത്തു എന്നിവരും കാരിയർമാരായെന്നും ഡി.ആർ.ഐ അന്വേഷത്തിൽ കണ്ടെത്തി. ഇവരെ കൂടാതെ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും അഡ്വ. ബിജുവും പലപ്പോഴും അകമ്പടിക്കാരായും കാരിയർമാരായും കടത്തിൽ പങ്കാളികളായി.
പ്രകാശ് തമ്പിയെ ഡി.ആർ.ഐ പിടികൂടിയെങ്കിലും വിഷ്ണു സോമസുന്ദരം ഒളിവിലാണ്. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് ഡി.ആർ.ഐ കണ്ടെത്തിയ എട്ട് സിം കാർഡുകളിൽ പലതിൽ നിന്നും കസ്റ്റംസ് സൂപ്രണ്ടുമായി നിരന്തരം ഫോൺ വിളിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് നടന്ന ദിവസങ്ങളിലെല്ലാം കാരിയർമാരും കസ്റ്റംസ് സൂപ്രണ്ടും വിഷ്ണുവുമായും പരസ്പരം ബന്ധപ്പെട്ടതായും ഡി.ആർ.ഐയ്ക്ക് തെളിവ് ലഭിച്ചു. പിടിയിലായവർ ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾ സമ്മതിക്കുകകൂടി ചെയ്തതോടെ സ്വർണം പറന്നിറങ്ങിയ വഴിയിലെ കള്ളക്കളികൾ ഒട്ടുമിക്കതും വെളിച്ചത്തായി. സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ നോട്ടീസ് നൽകിയതോടെ ഒളിവിൽ മറഞ്ഞ വിഷ്ണുവിനെ കണ്ടെത്താൻ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രകാശ് തമ്പിയുടെ അറസ്റ്റോടെയാണ് രാജ്യാന്തരബന്ധമുള്ള കോടികളുടെ സ്വർണക്കടത്തിലെ അറിയാക്കഥകൾക്കൊപ്പം ബാലഭാസ്‌കറിന്റെ ദുരൂഹമായ അപകടമരണവും വീണ്ടും ചർച്ചയായത്. നൂറുകിലോയോളം സ്വർണം കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കള്ളക്കടത്ത് നടത്തിയതായി ഡി.ആർ.ഐ സംശയിക്കുന്നുണ്ട്. എന്നാൽ, ഇതിൽ നിന്നുള്ള സമ്പാദ്യം പണമായോ സ്വർണമായോ പ്രതികളുടെയോ ബന്ധുക്കളുടെയോ വീടുകളിൽ നിന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, കള്ളക്കടത്ത് തലവൻമാർക്ക് ദുബായിലെ ഒരു വസ്ത്ര വ്യാപാര സംരംഭത്തിൽ ഹവാല മോഡൽ നിക്ഷേപമുള്ളതായി സൂചനകൾ പുറത്തുവന്നിട്ടുണ്ട്. അഡ്വ. ബിജുവിന് 75,000 ദിർഹവും( 13,87,500), വിഷ്ണുവിന് 72,000ദിർഹവും(13,32,00) നിക്ഷേപമുള്ളതായാണ് അറിയുന്നത്. ഇതേക്കുറിച്ച് ഡി.ആർ.ഐ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.