തിരുവനന്തപുരം: കേരളത്തിലെ പരീക്ഷാ ബോർഡിന്റെ പേരില്‍ വ്യാജ എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റുകള്‍ നല്കിയ സ്ഥാപനത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമനടപടികള്‍ തുടങ്ങി.
ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉള്‍പ്പെടെ പ്രവർത്തിക്കുന്നുണ്ട്. തിരുവനനന്തപുരത്തെ പരീക്ഷാ ഭവന്റെ ചിത്രവും വിലാസവും ഫോണ്‍ നമ്പറും വ്യാജ വെബ്സൈറ്റില്‍ ഉപയോഗിച്ചിട്ടുമുണ്ട്.
പല സ്ഥാപനങ്ങളില്‍ നിന്ന് ആധികാരികത പരിശോധിക്കാനായി തലസ്ഥാനത്തെ പരീക്ഷാ ഭവനില്‍ ലഭിച്ച എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റുകള്‍ കണ്ടപ്പോഴാണ് ഇത്തരത്തില്‍ കേരള പരീക്ഷാ ബോർഡിന്റെ പേര് ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് നല്കുന്ന സ്ഥാപനത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിക്കുന്നത്. 2008, 2015, 2017, 2019, 2020 എന്നീ വർഷങ്ങളിലൊക്കെ നല്കിയ വ്യാജ സർട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി പരീക്ഷാഭവനില്‍ എത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സയൻസ് ആന്റ് ടെക്നോളജി, സോഷ്യല്‍ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ ആറ് വിഷയങ്ങളില്‍ 600 മാർക്കിന് പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തതായാണ് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഉത്തർപ്രദേശ് കേന്ദ്രമായാണ് കേരള പരീക്ഷാ ബോർഡിന്റെ വ്യാജൻ പ്രവർത്തിക്കുന്നതെന്ന് മനസിലായി.
നേരത്തെ kbpe.org എന്ന വെബ്സൈറ്റായിരുന്നു ഈ സ്ഥാപനത്തിന്റേതായി നല്‍കിയിരുന്നത്. എന്നാല്‍ കേരള സർക്കാർ കേരള പൊതുപരീക്ഷാ ബോർഡിന്റെ വെബ്സൈറ്റായി kbpe.kerala.gov.in എന്ന ഡൊമൈൻ മാറ്റുകയായിരുന്നു. പരീക്ഷാഭവന്റെ വെബ്സൈറ്റാണ് ഈ ഡൊമൈനിലേക്ക് മാറിയത്. എന്നാല്‍ ഇതോടെ വ്യാജനും വെബ്സൈറ്റ് മാറ്റി.
നിലവില്‍ keralaboard.org എന്ന വെബ്സൈറ്റാണ് ഇവർ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ കർശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.